ബാങ്ക് ഇടപാടുകാർക്ക് വൻ ആശ്വാസം: മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരം മാറ്റി;

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (യുഎഫ്ബിയു) തമ്മിൽ നടത്തിയ നീണ്ട ചർച്ചകളെത്തുടർന്ന് ഇന്ന് (സെപ്റ്റംബർ 28) ആരംഭിക്കാനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഞായറാഴ്ച നടന്ന സുപ്രധാന യോഗത്തിൽ ജീവനക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഇരുവിഭാഗവും അനുകൂല ധാരണയിലെത്തിയതിനെ തുടർന്നാണ് പ്രതിഷേധം താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചത്. പണിമുടക്ക് പിൻവലിച്ചതോടെ ബാങ്കിംഗ് സേവനങ്ങൾ പതിവുപോലെ തുടരുന്നത് പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.

ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കുക എന്നതടക്കമുള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സെപ്റ്റംബർ 28 മുതൽ 30 വരെ യുഎഫ്ബിയു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എല്ലാ ശനിയാഴ്ചകളും അവധി ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന ആവശ്യം ചർച്ച ചെയ്യുന്നതിനായി ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല സമിതി ഉടൻ രൂപീകരിക്കും. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമല്ലാത്തതും പരസ്പരം സ്വീകാര്യവുമായ ബദൽ മാർഗങ്ങൾ ഈ കമ്മിറ്റി പരിശോധിക്കും.

കൂടാതെ, സ്കെയിൽ IV ഉം അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥർക്കുള്ള പ്രകടനാധിഷ്ഠിത പ്രോത്സാഹന (പിഎൽഐ) പദ്ധതിയെക്കുറിച്ച് യൂണിയനുകൾ ഉന്നയിച്ച എതിർപ്പുകൾ പരിഹരിക്കുന്നതിന് ഐബിഎ കേന്ദ്ര സർക്കാരിന് ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കും. 2024 മാർച്ച് 8 ലെ യോഗത്തിന്റെ മിനിറ്റ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള നിലവിലുള്ള മറ്റ് പ്രശ്നങ്ങൾ ചർച്ച ചെയ്ത് എത്രയും വേഗം പരിഹരിക്കാനും ഇരുപക്ഷവും ധാരണയിലെത്തി.

പൊതു ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു. പണിമുടക്ക് മാറ്റിവച്ച സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയുടെ സേവനങ്ങൾ പതിവുപോലെ ലഭ്യമാകുമെന്ന് യുണൈറ്റഡ് ഫോറം ഔദ്യോഗിക സർക്കുലറിലൂടെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts