ബെംഗളൂരു : ജില്ലയിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ദേശീയപാതകളും എക്സ്പ്രസ് വേകളും നിലവിൽ വരികയും പോലീസ് ഗതാഗത നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടും റോഡപകടങ്ങൾ നിയന്ത്രണവിധേയമാകാത്തത് വലിയ ആശങ്കയാകുന്നു. അപകടങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനൊപ്പം നിരപരാധികളായ യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതും ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ പുതിയ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയായതിനൊപ്പം പഴയ ഹൈവേയുടെ വീതി കൂട്ടലും പൂർത്തിയായിട്ടുണ്ട്. ഇതിനുപുറമേ അപകട സാധ്യതയേറിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി പാതകൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ മുതൽ ജില്ലയിൽ ഹെൽമെറ്റ് ധരിക്കുന്നത് നിർബന്ധമാക്കി പോലീസ് നടപടികൾ കർശനമാക്കിയിരുന്നെങ്കിലും അപകട നിരക്കിൽ കുറവൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് അപകട മരണങ്ങളിൽ ഭീതിജനകമായ വർധനവാണ് രേഖപ്പെടുത്തുന്നത്. 2023-ൽ 257 പേരും 2024-ൽ 320 പേരും 2025-ൽ 305 പേരും അപകടങ്ങളിൽ മരിച്ചപ്പോൾ, ഈ വർഷം കേവലം എട്ട് മാസത്തിനുള്ളിൽ മാത്രം 259 അപകടങ്ങളിലായി 274 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
റിപ്പോർട്ടുകൾ പ്രകാരം മൊത്തം അപകടങ്ങളിൽ 60 ശതമാനവും ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ടതാണ്. അപകടങ്ങളിൽ 30 ശതമാനവും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവ് മൂലം സ്വയം വരുത്തിവയ്ക്കുന്നവയാണെങ്കിൽ, 22 ശതമാനം കേസുകളിലും കാൽനടയാത്രക്കാരാണ് ദാരുണമായി കൊല്ലപ്പെടുന്നത്. അമിത വേഗത, ഡ്രൈവിംഗിലെ അശ്രദ്ധ, ഗതാഗത നിയമങ്ങളോടുള്ള അനാസ്ഥ എന്നിവയാണ് ദുരന്തങ്ങൾക്ക് പ്രധാന കാരണമാകുന്നത്. ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് വാഹനമോടിച്ചാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കൂ എന്നും ജില്ലാ പോലീസ് സൂപ്രണ്ട് (എസ്.പി) ശിവാൻഷു രജ്പുത് വ്യക്തമാക്കി.
