ബെംഗളൂരുവിലെ വീട്ടുവാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും ആകാശത്തോളമുയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഡിജിറ്റൽ ക്രിയേറ്ററായ രതിക ഖണ്ഡേൽവാൾ. മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ഇവർ, പ്രതിമാസം 52,000 രൂപ വാടകയുള്ള ഫ്ലാറ്റിനായി 2.25 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയത്. തൻ്റെ പുതിയ വീടിന്റെ വിശേഷങ്ങളും ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച വീഡിയോയിൽ രതിക വ്യക്തമാക്കുന്നു.
തുടക്കത്തിൽ വലിയ തുക ചെലവഴിക്കേണ്ടി വന്നെങ്കിലും വിശാലമായ പുതിയ വീട്ടിലേക്ക് മാറിയതിൽ ഏറെ സന്തോഷമുണ്ടെന്ന് രതിക പറയുന്നു. 52,000 രൂപ വാടകയ്ക്ക് പുറമെ മെയിന്റനൻസ്, കുടിവെള്ള നിരക്കുകൾ വേറെ നൽകണം. കൂടാതെ ഒരു മാസത്തെ വാടക ബ്രോക്കറേജ് ഇനത്തിലും നൽകേണ്ടി വന്നു. എന്നാൽ മുംബൈയിലെ സമാനമായ ഫ്ലാറ്റുകളെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളും വലിയ കിച്ചണും വിശാലമായ രണ്ട് ബാൽക്കണികളും ഇവിടെ ലഭിക്കുന്നുണ്ടെന്ന് രതിക ചൂണ്ടിക്കാണിക്കുന്നു.
ഭർത്താവിന്റെ ജോലി ആവശ്യാർത്ഥമാണ് കുടുംബം ബെംഗളൂരുവിലെ ന്യൂ തിപ്പസന്ദ്രയിലേക്ക് താമസം മാറിയത്. മുംബൈയേക്കാൾ ശാന്തവും കൂടുതൽ താമസയോഗ്യവുമായ അന്തരീക്ഷമാണ് ബെംഗളൂരുവിൽ അനുഭവപ്പെടുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.
ബെംഗളൂരുവിലെ വാടകക്കൂട്ടത്തെക്കുറിച്ചുള്ള രതികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. നഗരത്തിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ചും വാടക നിരക്കുകളെക്കുറിച്ചും നിരവധി ആളുകളാണ് കമന്റ് ബോക്സിൽ തങ്ങളുടെ പ്രതികരണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നത്.
