ബെംഗളൂരു: ത്യവരെകൊപ്പ ടൈഗർ ആൻഡ് ലയൺ സഫാരിയിൽ പ്രസവിച്ചതിന് പിന്നാലെ നാല് സിംഹക്കുട്ടികൾ ചത്തു. ‘സാറ’ എന്ന സിംഹം പ്രസവിച്ച കുഞ്ഞുങ്ങളാണ് ജനിച്ച ദിവസം തന്നെ ചത്തത്.
ശിവമോഗ താലൂക്കിലെ ത്യവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ‘സാറ’യുടെ ആദ്യ പ്രസവമായിരുന്നു ഇത്. പ്രസവിച്ച് കണ്ണുകൾ തുറക്കുന്നതിന് മുമ്പ് തന്നെ നാല് കുഞ്ഞുങ്ങളും ചത്തതായി സഫാരി ഉദ്യോഗസ്ഥർ അറിയിച്ചു.
ആദ്യമായി പ്രസവിച്ചതിനാൽ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിലും കൃത്യമായി പാലൂട്ടുന്നതിലും അമ്മ സിംഹത്തിന് സംഭവിച്ച അശ്രദ്ധയാണ് മരണത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് കൂടുതൽ പരിശോധന നടത്തിവരികയാണ്.
