ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലാ ഓൾ കോളേജ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് 16 വയസ്സുള്ള വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹലിയങ്ങാടി സ്വദേശിയായ മുഹമ്മദ് ഷമാസ് (16) ആണ് മസ്തിഷ്ക മരണം സംഭവിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
ലക്ഷ്മിനാരായണ കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ വിദ്യാർത്ഥി നിരയാണ് ഒത്തുകൂടിയിരുന്നത്. ഹാളിൽ തിരക്ക് രൂക്ഷമായതോടെ നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിലെ പുറത്തെ ഇടനാഴിയിലാണ് നിലയുറപ്പിച്ചത്. ഇതിനിടെ ഇടനാഴിയിലെ ദുർബലമായ ബാൽക്കണി മതിലിൽ ചില വിദ്യാർത്ഥികൾ ചാരി നിന്നതോടെ, ഭാരം താങ്ങാനാവാതെ മതിൽ തകരുകയായിരുന്നുവെന്ന് കരുതുന്നു. ഗ്രൗണ്ട് ഫ്ലോറിൽ നിൽക്കുകയായിരുന്ന ഷമാസിന്റെ തലയിലേക്ക് ഒന്നാം നിലയിൽ നിന്ന് മതിലിന്റെ ഭാഗങ്ങൾ തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ മംഗളൂരു സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
