മൊബൈൽ ഉപഭോക്താക്കൾക്ക് പ്രതിമാസ റീചാർജിൽ ഇനി വൻ ലാഭം! മാസം തോറും നടത്തുന്ന കബളിപ്പിക്കലിന് ട്രായിയുടെ വൻ പൂട്ട്; 

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന പ്രീപേയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നിർണ്ണായക ഭേദഗതി വരുത്തി. 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകൾക്ക് പകരം ഇനി മുതൽ കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ ടെലികോം കമ്പനികൾ നിർബന്ധമായും നൽകണമെന്ന് ട്രായ് ഉത്തരവിട്ടു. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ മൊബൈൽ ഉപഭോക്താക്കൾ പ്രതിവർഷം ചെയ്യേണ്ട റീച്ചാർജുകളുടെ എണ്ണം 13-ൽ നിന്ന് 12 ആയി കുറയും.

സെപ്റ്റംബർ 22-നാണ് ‘ടെലികോം കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026’ ട്രായ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത്. വിവിധ കോണുകളിൽ നിന്ന് ലഭിച്ച ആയിരത്തിലധികം പ്രതികരണങ്ങളും നിർദ്ദേശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പൊതുജനങ്ങൾക്ക് അനുകൂലമായ ഈ പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയത്. ഇതിലൂടെ 30 ദിവസത്തിലോ അതിൽ കുറവിലോ കാലാവധിയുള്ള പ്രത്യേക ടാരിഫ് വൗച്ചറുകൾ കൂടുതൽ ലഭ്യമാക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പാർലമെന്റിലെ ശക്തമായ ഇടപടൽ

28 ദിവസത്തെ പ്ലാനുകളെ “പ്രതിമാസ പ്ലാൻ” എന്ന് വിളിച്ച് കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് രാജ്യസഭാ എം.പി രാഘവ് ഛദ്ദ പാർലമെന്റിൽ ഉന്നയിച്ച വിഷയമാണ് ഈ തീരുമാനത്തിലേക്ക് വഴിതെളിച്ചത്. ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി വോയ്‌സ്, എസ്.എം.എസ് സേവനങ്ങൾ മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ കൊണ്ടുവരണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.

ഇന്റർനെറ്റ് ഉപയോഗിക്കാത്ത മുതിർന്ന പൗരന്മാർക്കും സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകൾ മാത്രം ലഭ്യമാകുന്ന കുറഞ്ഞ നിരക്കിലുള്ള പാക്കുകൾ അവതരിപ്പിക്കാനും പുതിയ ഭേദഗതിയിലൂടെ ട്രായ് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts