ട്രെയിൻ ചക്രങ്ങൾ വട്ടത്തിലാണെന്നാണോ നിങ്ങൾ കരുതുന്നത്? എന്നാൽ അങ്ങനെയല്ല; എഞ്ചിനീയറിംഗ് അത്ഭുതത്തിന് പിന്നിലെ യാഥാർത്ഥ്യം അറിയാൻ വായിക്കു

റെയിൽവേ ട്രാക്കിലൂടെ ഓടുന്ന ട്രെയിൻ കാണുമ്പോൾ വേഗതയോ നീളൻ ബോഗികളോ ആണ് നമ്മൾ സാധാരണയായി ശ്രദ്ധിക്കാറുള്ളത്. എന്നാൽ ട്രെയിനിന്റെ താഴേക്ക് നോക്കിയാൽ സാധാരണ ഇരുമ്പ് ചക്രങ്ങൾ മാത്രമാണെന്ന് തോന്നാമെങ്കിലും അവ പൂർണ്ണമായും വൃത്താകൃതിയിലുള്ളതല്ല. ചക്രത്തിന്റെ പുറംഭാഗം നേരിയ തോതിൽ ചരിഞ്ഞ, കോണാകൃതിയിലാണ് (Conical Shape) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രെയിൻ പാളത്തിൽ സ്ഥിരതയോടെ സഞ്ചരിക്കാനും വളവുകളിൽ സുഗമമായി തിരിയാനും സഹായിക്കുന്ന വലിയൊരു എഞ്ചിനീയറിംഗ് തത്വം ഇതിന് പിന്നിലുണ്ട്.

വളവുകളിലെ സഞ്ചാരവും കോണാകൃതിയുടെ സവിശേഷതയും

ട്രെയിനിലെ ഒരേ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ചക്രങ്ങളും ഒരേ വേഗത്തിലാണ് കറങ്ങുന്നത്. എന്നാൽ വളവിലൂടെ സഞ്ചരിക്കുമ്പോൾ പുറത്തെ പാളത്തിന് അകത്തെ പാളത്തേക്കാൾ നീളം കൂടുതലായിരിക്കും. ചക്രങ്ങൾ പൂർണ്ണമായും വട്ടത്തിലാണെങ്കിൽ ഈ വ്യത്യാസം കാരണം പാളവും ചക്രവും തമ്മിൽ കൂടുതൽ ഉരസലുണ്ടാവുകയും ചക്രങ്ങൾക്ക് വൻതോതിൽ തേയ്മാനം സംഭവിക്കുകയും ചെയ്യും. ഇവിടെയാണ് ചക്രത്തിന്റെ ചരിഞ്ഞ ആകൃതി പ്രയോജനപ്പെടുന്നത്. ചക്രത്തിന്റെ ഒരു വശത്ത് വ്യാസം കൂടുതലും മറുവശത്ത് കുറവുമായിരിക്കും. ട്രെയിൻ വളവിലേക്ക് തിരിയുമ്പോൾ ഈ ആകൃതി കാരണം പാളവുമായി ബന്ധപ്പെടുന്ന ഭാഗത്തിന്റെ വ്യാസത്തിൽ വ്യത്യാസമുണ്ടാകുകയും രണ്ട് ചക്രങ്ങൾക്കും വ്യത്യസ്ത ദൂരം സുഗമമായി സഞ്ചരിക്കാൻ സാധിക്കുകയും ചെയ്യുന്നു.

സ്റ്റിയറിംഗ് ഇല്ലാതെ എങ്ങനെ പാളത്തിൽ നിലനിൽക്കുന്നു?

ട്രെയിൻ വളവിലേക്ക് പോകുമ്പോൾ വലിയ വ്യാസമുള്ള ഭാഗം ഒരു പാളത്തിലും ചെറിയ വ്യാസമുള്ള ഭാഗം മറുപാളത്തിലും തൊടുന്നു. വലിയ വ്യാസമുള്ള ഭാഗം കൂടുതൽ ദൂരവും ചെറിയ ഭാഗം കുറഞ്ഞ ദൂരവും സഞ്ചരിക്കുന്നതിനാൽ കാറുകളിലേതുപോലെ പ്രത്യേക സ്റ്റിയറിംഗ് സംവിധാനമില്ലാതെ തന്നെ ട്രെയിനുകൾ വളവുകൾ പൂർത്തിയാക്കുന്നു. നേരായ ട്രാക്കിലൂടെ പോകുമ്പോൾ ചക്രം ഒരു വശത്തേക്ക് മാറിയാൽ, ഈ വ്യാസവ്യത്യാസം കാരണം ചക്രങ്ങൾ സ്വയം ട്രാക്കിന്റെ മധ്യഭാഗത്തേക്ക് തിരിച്ചെത്തുന്ന ‘സെൽഫ് സെന്ററിംഗ്’ പ്രഭാവവും ഉണ്ടാകുന്നു.

സുരക്ഷ ഉറപ്പാക്കുന്ന ‘ഫ്ലേഞ്ച്’

ചക്രത്തിന്റെ ഉൾവശത്ത് ഉയർന്നു നിൽക്കുന്ന കട്ടിയുള്ള ഭാഗത്തെ ‘ഫ്ലേഞ്ച്’ (Flange) എന്നാണ് വിളിക്കുന്നത്. ട്രെയിൻ ചക്രം പാളത്തിൽ നിന്ന് വശങ്ങളിലേക്ക് തെന്നിമാറി അപകടത്തിൽപ്പെടുന്നത് തടയാൻ ഒരു അധിക സുരക്ഷാ കവചമായാണ് ഇത് പ്രവർത്തിക്കുന്നത്. കാണുമ്പോൾ വെറുമൊരു ഇരുമ്പ് ചക്രമാണെന്ന് തോന്നുമെങ്കിലും, അനാവശ്യമായ തെന്നലും ഉരസലും കുറച്ച് ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ കൃത്യമായ ശാസ്ത്രീയ കണക്കുകൂട്ടലുകളാണ് ഈ ഡിസൈന് പിന്നിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts