ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 23 വയസ്സുകാരിയെ കാമുകൻ കഴുത്തറുത്തു കൊലപ്പെടുത്തി. പൈപ്പ്ലൈൻ റോഡിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകയും കാമുകിയുമായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ രാജീവിനെ മിനിറ്റുകൾക്കകം മഹാലക്ഷ്മി ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്ന്-നാല് വർഷമായി അഞ്ജലിയും രാജീവും പ്രണയത്തിലായിരുന്നു. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയമായി മാറിയതും. ഇവരുടെ ബന്ധത്തെക്കുറിച്ച് ഇരു കുടുംബങ്ങൾക്കും അറിവുണ്ടായിരുന്നു. എന്നാൽ, രാജീവിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതിനാൽ അഞ്ജലിയുടെ കുടുംബം ഈ വിവാഹത്തെ ശക്തമായി എതിർത്തു. വീട്ടുകാരെ അനുനയിപ്പിക്കാൻ രാജീവ് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കുടുംബത്തിന്റെ എതിർപ്പ് ശക്തമായതോടെ മാതാപിതാക്കളുടെ താല്പര്യപ്രകാരം അഞ്ജലി രാജീവിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയിരുന്നു. ഫോൺ കോളുകൾ ഒഴിവാക്കാനും സംസാരിക്കാതിരിക്കാനും തുടങ്ങിയത് പ്രതിയെ കൂടുതൽ പ്രകോപിതനാക്കി. തുടർന്ന് ഞായറാഴ്ച വൈകുന്നേരം അഞ്ജലിയെ രാജീവ് അത്താഴം കഴിക്കാനെന്ന വ്യാജേന പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പൈപ്പ്ലൈൻ റോഡിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതിനിടെ രാജീവ് വീണ്ടും വിവാഹകാര്യം ഉന്നയിച്ചു. എന്നാൽ അഞ്ജലി ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ നിയന്ത്രണം വിട്ട രാജീവ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഞ്ജലിയുടെ കഴുത്തിൽ ആഞ്ഞുവെട്ടുകയായിരുന്നു.
രക്തം വാർന്ന് റോഡിൽ വീണ യുവതിയെ പ്രദേശവാസികൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഹാലക്ഷ്മി ലേഔട്ട് പോലീസ് ഇൻസ്പെക്ഷൻ നടത്തുകയും, വേഗത്തിലുള്ള അന്വേഷണത്തിലൂടെ പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടർനടപടികൾക്കായി അഞ്ജലിയുടെ മൃതദേഹം എം.എസ്. രാമയ്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ്, കൃത്യത്തിലേക്ക് നയിച്ച മുഴുവൻ സാഹചര്യങ്ങളും കണ്ടെത്താനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
