ബെംഗളൂരു: നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അർദ്ധരാത്രിയിൽ യുവാവ് അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് (30) എന്നയാളെ ചിക്കമഗളൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾക്കെത്തിയ തൊഴിലാളിയാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഹോസ്റ്റൽ കെട്ടിടത്തിനുള്ളിൽ അപരിചിതനായ യുവാവ് ഓടിക്കളിക്കുന്നത് കണ്ട് വിദ്യാർത്ഥിനികൾ ഞെട്ടിപ്പോവുകയായിരുന്നു. തുടർന്ന് ധൈര്യം സംഭരിച്ച് പെൺകുട്ടികൾ തന്നെ പ്രതിയെ തടഞ്ഞുവെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൺകുട്ടികളോട് മോശമായി പെരുമാറിയ പ്രതി, ഇവരുടെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനികൾ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണശ്രമത്തിനായാണ് താൻ ഹോസ്റ്റലിൽ കയറിയതെന്ന് പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാൾ മുൻപും സമാനമായ രീതിയിൽ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
അതേസമയം, ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ വിദ്യാർത്ഥിനികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. ഈ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇത്തരം സംഭവങ്ങൾ പുതിയതല്ലെന്നും മുൻപും സമാനമായ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. പരാതിപ്പെട്ടിട്ടും ഹോസ്റ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ കോളേജ് ഭരണകൂടം വീഴ്ച വരുത്തിയതായാണ് വിദ്യാർത്ഥിനികളുടെ ആക്ഷേപം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ഡീൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത റൂറൽ പോലീസ്, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഈ സംഭവത്തോടെ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]