ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബത്തിന്റെ കീഴിലുള്ള ട്രസ്റ്റിന് ദേവനഹള്ളിയിലെ ഹൈടെക് ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കിലെ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചു നൽകിയ സംഭവത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. രംഗത്ത്.
പ്രിയങ്ക് ഖാർഗെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കൾ ഗവർണർക്ക് പരാതി നൽകി.
പട്ടികജാതി സംരംഭകരോട് ഖാർഗെ കുടുംബത്തിൽ നിന്നുള്ള ക്രിമിനൽ വിശ്വാസ ലംഘനമാണിതെന്നും കർണാടക സർക്കാരിന്റെ സ്വജനപക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമി നൽകിയ പരാതിയിൽ പറഞ്ഞു.
എന്നാൽ, നിയമവിരുദ്ധമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും ഗവർണർക്ക് പരാതി നൽകി രാഷ്ട്രീയം കളിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
നിയമപ്രകാരമാണ് ഭൂമി അനുവദിച്ചതെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി.
ഇലക്ട്രോണിക്സ്,ഐ.ടി.-ബി.ടി., ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രിയാണ് പ്രിയങ്ക് ഖാർഗെ.
ദേവനഹള്ളിയിലെ ഹൈടെക് ഡിഫൻസ് എയ്‌റോസ്‌പെയ്‌സ് പാർക്കിൽ അഞ്ച് ഏക്കർ ഭൂമിയാണ് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡിവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി.) സിദ്ധാർഥ വിഹാർ ട്രസ്റ്റിന് പട്ടികജാതിക്കാരുടെ സംവരണ ക്വാട്ടയിൽ അനുവദിച്ചത്.
പ്രതിരോധ, എയ്റോസ്‌പെയ്‌സ് രംഗത്ത് വ്യവസായങ്ങൾ തുടങ്ങാനാണ് സാധാരണഗതിയിൽ ഹൈടെക് ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കിലെ ഭൂമി അനുവദിച്ചു വരുന്നത്.
ട്രസ്റ്റിന് ഭൂമി അനുവദിച്ച നടപടിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ബി.ജെ.പി. രാജ്യസഭാംഗം ലഹർസിങ് സിറോയ രംഗത്തെത്തിയിരുന്നു.
മല്ലികാർജുൻ ഖാർഗെ, ഭാര്യ രാധാഭായി, മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ, ഇളയ മകൻ രാഹുൽ ഖാർഗെ, എം.പി.യും മല്ലികാർജുൻ ഖാർഗെയുടെ മരുമകനുമായ രാധാകൃഷ്ണ ദൊഡ്ഡമണി എന്നിവരാണ് ട്രസ്റ്റിമാർ.
മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ മൈസൂരുവിലെ ഭൂമി കൈമാറ്റ വിവാദത്തിന് പിന്നാലെയാണ് ഖാർഗെ കുടുംബത്തിനെതിരേ ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.