ബെംഗളൂരു: 2023 ജനുവരിയിൽ ബെംഗളൂരു-മൈസുരു എക്‌സ്പ്രസ് കോറിഡോറിലെ മിക്ക ഭാഗങ്ങളും തുറക്കും. അടുത്ത വർഷം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തേക്കും. മാർച്ചിൽ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രാജ്യത്തുടനീളമുള്ള ചില റോഡുകൾ NH ആയി നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, അതിൽ ഒന്നാണ് ബെംഗളൂരു-മൈസുരു റോഡ്.
എൻ എച് എ ഐ ഹൈവേ (NH 275) ആറുവരി എക്‌സ്പ്രസ് വേ ഉൾപ്പെടെ 10 പാതകളാക്കി മാറ്റും. ഇതോടെ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടം മുതൽ മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷൻ വരെ നീളുന്ന 117 കിലോമീറ്റർ ഹൈവേ യാത്രാ സമയം ശരാശരി മൂന്ന് മണിക്കൂറിൽ നിന്ന് 90 മിനിറ്റായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാന തലസ്ഥാനവും മൈസൂരുവും തമ്മിലുള്ള ദൂരം ഏകദേശം 140 കിലോമീറ്ററാണ്. മുഴുവൻ ഭാഗത്തും രണ്ട് ടോൾ ഗേറ്റുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഓരോ ടോളിലും 200 മുതൽ 250 രൂപ വരെ ഈടാക്കും. ഈ വർഷമാദ്യം കേന്ദ്ര റോഡ്‌സ് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരി 10 വരിയുള്ള ബെംഗളൂരു-മൈസുരു എക്‌സ്‌പ്രസ് ഇടനാഴിയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.
8,172 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇടനാഴി റെക്കോർഡ് വേഗത്തിലാണ് നിർമിക്കുന്നതെന്നും ഒക്ടോബറിൽ പൂർത്തിയാക്കുമെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു. എന്നാൽ കനത്ത മഴയുൾപ്പെടെയുള്ള കാരണങ്ങളാൽ പണി നീണ്ടു.പദ്ധതി പ്രകാരം, ഇടനാഴിയിൽ ഒമ്പത് പ്രധാന പാലങ്ങളും 44 ചെറിയ പാലങ്ങളും നാല് റെയിൽ മേൽപ്പാലങ്ങളും ഉണ്ടാകും. ഏതാനും സ്ഥലങ്ങളിൽ പാലങ്ങളും അടിപ്പാതകളും നിർമിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെടുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മണ്ഡ്യ ജില്ലയിലെ മദ്ദൂർ വരെയാണ് നിലവിൽ പ്രധാന വാഹനപാത തുറന്നിരിക്കുന്നതെന്ന് മൈസുരു -കുടക് എംപി പ്രതാപ് സിംഹ മാധ്യമങ്ങളോട് പറഞ്ഞു. ബെംഗളൂരുവിലെ കുമ്പൽഗോഡിൽ നിന്ന് 40 മിനിറ്റിനുള്ളിൽ ഇത് കവർ ചെയ്യപ്പെടും.
നാലോ അഞ്ചോ ദിവസത്തിനുള്ളിൽ, മദ്ദൂരിനടുത്ത് ഒരു ബൈപ്പാസും ഡിസംബർ അവസാനത്തോടെ, മണ്ഡ്യയ്ക്ക് സമീപമുള്ള ഒരു ബൈപ്പാസും ഉപയോക്താക്കൾക്കായി തുറന്നുകൊടുക്കും. ജനുവരിയോടെ മൈസൂരുവരെയുള്ള വാഹനപാത തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, ഫുഡ് കോർട്ടുകളുടെയും വിശ്രമമുറികളുടെയും നിർമ്മാണത്തിന് കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.