രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍; ചൊവ്വാഴ്ച ഭാരത് ബന്ദ്

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. ബന്ദിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍.

കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തിരുമാനിച്ചത്. കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ച ചര്‍ച്ചയിലും തീരുമാനമായില്ല.

ഈ മാസം അഞ്ചിന് വീണ്ടും കര്‍ഷക നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തും. തുറന്നമനസ്സോടെയാണ് സർക്കാർ ചർച്ചയെ സമീപിച്ചതെന്ന് മന്ത്രി നരേന്ദ്രസിങ് തോമർ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. നല്ലരീതിയിലാണ് ചർച്ച മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ചയിൽ നേരിയ പുരോഗതിയുണ്ടെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചത് സമവായത്തിനുള്ള വഴിയൊരുങ്ങിയതിന്റെ സൂചനയായി. മിനിമം താങ്ങുവില ഉറപ്പുനൽകുന്നതിനൊപ്പം ചന്തകളിലെ നികുതി അന്തരം, തർക്കപരിഹാരത്തിന്‌ കോടതികളെ സമീപിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഭേദഗതിവരുത്താമെന്നാണ് ചർച്ചയിൽ കേന്ദ്രം സമ്മതിച്ചത്.

നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കർഷകനേതാക്കൾ പ്രത്യേകമായ എതിർപ്പുകൾ ചർച്ചയിൽ ഉന്നയിച്ചു. ഓരോന്നും വിശദമായി കേട്ട കേന്ദ്രമന്ത്രി ചിലതിൽ ഭേദഗതിക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. ആവശ്യങ്ങൾ പരിഗണിക്കാൻ ശനിയാഴ്ച ഉച്ചയ്ക്ക്‌ രണ്ടുവരെ സമയംനൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് വിജ്ഞാൻഭവനിൽ തുടങ്ങിയ ചർച്ച ഏഴുമണിക്കൂർ നീണ്ടു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവരും സംയുക്ത കിസാൻമോർച്ചയിലെ 40 കർഷകനേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

ഇതിനുമുമ്പ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പഞ്ചാബിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമല്ല, രാജ്യത്തിന്റെ ഭദ്രതയെകൂടി ബാധിക്കുന്ന പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് അമരീന്ദർ ആവശ്യപ്പെട്ടു. അതേസമയം, സമരം കൂടുതൽ ശക്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us