ബെംഗളൂരു ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ 31 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ഇടവിട്ട സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ബെംഗളൂരു ഈസ്റ്റ്, നോർത്ത് ഡിവിഷനുകളിലെ അറ്റകുറ്റപ്പണിയെ തുടർന്നാണിതെന്ന് നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള കമ്പനിയായ ബെസ്കോം അറിയിച്ചു.ഹെബ്ബാൾ മുതൽ എൽആർ ബണ്ടെ വരെയുള്ള 66/ 11 കെവി സ്റ്റേഷനുകളിൽ നടക്കുന്ന അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ, ഭാവിയിൽ ഇടതടവില്ലാത്ത വൈദ്യുതി ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടുത്തെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം പഴയ കേബിളുകൾ മാറ്റി ഹൈ ടെൻഷൻ കേബിളുകൾ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
കൃത്യമായ മുന്നറിയിപ്പില്ലാതെ എട്ടു മണിക്കൂറിനിടെ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് നഗരവാസികളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. തുടർച്ചയായ വൈദ്യുതി മുടക്കം ദൈനംദിന ജീവിതം താളംതെറ്റിക്കുമെന്ന് ഒട്ടേറെ പേർ പരാതിപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും വോൾട്ടേജ് വ്യതിയാനം കാരണം വൈദ്യുതി ഉപകരണങ്ങൾ കേടാവുന്നത് പതിവാണെന്നും ഇവർ പറയുന്നു.
ബെസ്കോമിന്റെ പ്രഖ്യാപനത്തിനു ദിവസങ്ങൾ മുൻപേ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ അപ്രഖ്യാപിത പവർകട്ട് നടപ്പിലാക്കി വരുന്നതായി പരക്കെ പരാതിയുണ്ട്. ആർടി നഗർ, കോറമംഗല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ പകൽ രണ്ടു തവണയാണ് വൈദ്യുതി മുടങ്ങിയത്. ബെസ്കോം ഹെൽപ് ലൈനായ 1912ൽ വിളിച്ചാൽ കൃത്യമായ വിശദീകരണം നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. കർണാടക പവർ കോർപറേഷൻ ലിമിറ്റഡിനു (കെപിസിഎൽ) കീഴിലുള്ള നാലു താപ വൈദ്യുത കേന്ദ്രങ്ങളിലും വേണ്ടത്ര കൽക്കരി ശേഖരമില്ല.
നിലയങ്ങളിലെ കൽക്കരി ക്ഷാമം മൂലം കഴിഞ്ഞ നവംബറിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതേതുടർന്നു പവർകട്ട് നേരിടേണ്ടി വന്നേക്കുമെന്ന് ഊർജമന്ത്രി ഡി.കെ.ശിവകുമാർ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.കേന്ദ്രം വേണ്ടത്ര കൽക്കരി ബ്ലോക്കുകൾ നൽകുന്നില്ലെന്നും ഈ നില തുടർന്നാൽ വൈകാതെ ലോഡ് ഷെഡിങ് നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ബെസ്കോമിനു കീഴിലെ ഈസ്റ്റ്, നോർത്ത് ഡിവിഷനുകളിലായി 307 മേഖലകളിലാണ് ഇന്നു മുതൽ വൈദ്യുതി തടസ്സപ്പെടുന്നത്. ഇന്ദിരാനഗർ, ശിവാജി നഗർ, കമ്മനഹള്ളി, തനിസന്ദ്ര, ബാനസവാടി മെയിൻ റോഡ്, ആർകെ ഹെഗ്ഡെ നഗർ, ഹൊറമാവ്, ഹെന്നൂർ മെയിൻ റോഡ്, ആർടി നഗർ, രാമമൂർത്തി നഗർ, കസ്തൂരി നഗർ, ബി ചന്നസന്ദ്ര, ചെല്ലക്കെരെ, കൊത്തന്നൂർ, ബൈരത്തി, എച്ച്ആർബിആർ ലേഒൗട്ട്, നേതാജി നഗർ, വിജയാ ബാങ് ലേഒൗട്ട്, വിദ്യാനഗർ, ചർച്ച് സ്ട്രീറ്റ്, ഡി.ജെ.ഹള്ളി, കനക് നഗർ, അംബേദ്കർ നഗർ, കോഫി ബോർഡ് കോളനി, ടീച്ചേഴ്സ് കോളനി, ഓയിൽ മിൽ റോഡ്, കാച്ചരക്കനഹള്ളി, ഗോവിന്ദാപുര മെയിൻ റോഡ്, കെജി ഹള്ളി, നാഗവാര, കെ.നാരായണപുര, ഗെഗദ്ദലഹള്ളി, ദൊഡ്ഡഗുബ്ബി ക്രോസ്, എംഎസ് രാമയ്യ നോർത്ത് സിറ്റി, ദാസറഹള്ളി, തിമ്മയ്യ ഗാർഡൻ, കെ ചന്നസന്ദ്ര, ഹൊയ്സാല നഗർ, ആർഎസ് പാളയ, ഹിദായത്ത് നഗർ, ലിംഗരാജപുരം, ബാബുസപാളയ തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രധാനമായും ബാധിക്കുക.