മൈസൂരു: ക്ഷേത്ര നവീകരണ ഫണ്ടിലേക്ക് യാചക രണ്ടരലക്ഷം രൂപ സംഭാവന നൽകി. മൈസൂരു വൊണ്ടിക്കൊപ്പാൾ പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്നിലെ യാചകയായ 85 വയസ്സുള്ള സീതാലക്ഷ്്മിയാണ് ഭിക്ഷയാചിച്ച് കിട്ടിയ പണം ക്ഷേത്രത്തിന് സംഭാവന നൽകിയത്.
കുറെ വർഷങ്ങളായി ക്ഷേത്ര പരിസരത്ത് ഭിക്ഷ യാചിക്കുന്ന സീതാലക്ഷ്മി തന്റെ കൈവശമുള്ള പണം ആരെങ്കിലും കവർന്നെടുക്കുമെന്ന് തോന്നിയതോടെയാണ് ക്ഷേത്രത്തിനു നൽകാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. പണം നൽകിയതോടൊപ്പം രണ്ട് നിർദേശം കൂടി സീതാലക്ഷ്മി ക്ഷേത്രകമ്മിറ്റിക്ക് മുൻപാകെ വച്ചിട്ടുണ്ട്.
എല്ലാ ഹനുമാൻ ജയന്തിക്കും ഭക്തർക്ക് പ്രസാദം നൽകണമെന്നും ബാക്കിയുള്ള തുക ക്ഷേത്ര നവീകരണത്തിനു വിനിയോഗിക്കണമെന്നുമാണ് ആവശ്യം. സഹോദരനൊപ്പം താമസിക്കുന്ന സീതാലക്ഷ്മി നേരത്തേ വീട്ടുജോലികൾക്ക് പോയിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്നാണ് ഭിക്ഷാടനത്തിലേക്കു മാറിയത്.
പുലർച്ചെ ക്ഷേത്രത്തിലെത്തുന്ന സീതാലക്ഷ്മി രാത്രി വീട്ടിലേക്ക് മടങ്ങും. സംഭാവന നൽകിയതിന് പിന്നാലെ ക്ഷേത്രത്തിൽ നടന്ന പൊതുപരിപാടിയിൽ സീതാലക്ഷ്മിയെ സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ആദരിച്ചിരുന്നു. കൂടാതെ ക്ഷേത്രത്തിലെ സംഭാവന നൽകിയവരുടെ ലിസ്റ്റിലും ഇവരുടെ പേര് പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ ചിലർ സീതാലക്ഷ്മിയുടെ അനുഗ്രഹവും വാങ്ങിയാണ് ഇപ്പോൾ മടങ്ങുന്നത്.