തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെതിരെ ഇടതുമുന്നണിയുടെ രാപ്പകല്‍ സമരം തുടങ്ങി. ഇന്ന് രാവിലെ തുടങ്ങിയ സമരം നാളെ രാവിലെ പത്ത് മണിക്കായിരിക്കും സമാപിക്കുക.
ഇടതുമുന്നണിയുടെ തിരുവനന്തപുരത്തെ രാപ്പകല്‍ സമരം ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ന്യൂജനറേഷന്‍ ബാങ്കുകളെ സഹായിക്കാനായി കേന്ദ്രം സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നാടിനെ ഒന്നാകെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാപ്പകല്‍ സമരത്തിന് പുറമേ ഇടതുമുന്നണി സംസ്ഥാനത്ത് കരിദിനവും ആചരിക്കുകയാണ്. നോട്ട് നിരോധനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രിയെ കാണാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കരിദിനവുമായി ഇടതുമുന്നണി രംഗത്ത് എത്തിയത്. നോട്ട് നിരോധനത്തിനെതിരെ നിയമസഭയില്‍ നടന്ന ചര്‍ച്ചകളും പ്രമേയവും കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കരിന്റെ നിലപാട്.