ബെംഗളൂരു : കിടപ്പറ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ബാർ നർത്തകി വ്യവസായിയുടെ രണ്ടരക്കോടിയോളം രൂപ തട്ടിയതായി പരാതി. സമ്പന്ന കുടുംബത്തിൽ നിന്നുള്ള യുവാവ് രണ്ടുവർഷം മുൻപ് ബാറിൽ വച്ചാണ് നർത്തകിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം തുടർന്നു. ഇതിനിടെ ഇരുവരുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ യുവതി രഹസ്യമായി പകർത്തി.
വിവാഹിതനായ യുവാവ് കുറെ നാളുകൾക്കു ശേഷം അകലം പാലിച്ചതോടെ നർത്തകി ഭീഷണിയുമായി രംഗത്തെത്തി. രഹസ്യ വിഡിയോ ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി രണ്ടു വർഷത്തിനിടെ പലപ്പോഴായി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തതായി യുവാവിന്റെ പരാതിയിൽ പറയുന്നു.
കാമുകന്റെ നിർദേശം അനുസരിച്ചാണ് നർത്തകി പണം തട്ടിയിരുന്നത്. വിഡിയോ നശിപ്പിച്ചു കളയാൻ 75 ലക്ഷം രൂപ കൂടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ യുവാവ് സഹായം തേടി ഒരു എംഎൽഎയെ സമീപിച്ചു. എംഎൽഎയുടെ നിർദേശം അനുസരിച്ചാണ് വനിതാ ഹെൽപ്ലൈനായ വനിതാ സഹായവാണിയെ സമീപിച്ചത്.