ബെംഗളൂരുവിൽ പണത്തിനായി 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹവുമായി കടന്ന പ്രതി അറസ്റ്റിൽ

ബെംഗളൂരു: പണത്തിനുവേണ്ടി 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി പോലീസ് പിടിയിലായി. ബെംഗളൂരു യെലഹങ്ക വിനായക് നഗർ സ്വദേശിയായ പ്രജ്വൽ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിനായക് നഗർ സ്വദേശി തന്നെയായ ഭാസ്‌കർ റെഡ്ഡിയെ ചിക്കജാല പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടത്തുമ്പോൾ പ്രതി കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഗണപതി ഘോഷയാത്രയ്ക്ക് പടക്കം വാങ്ങിത്തരാമെന്ന് വിശ്വസിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം പ്രതി കുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കുടുംബത്തിന് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. എന്നാൽ മദ്യലഹരിയിലായിരുന്ന ഭാസ്‌കർ റെഡ്ഡി, കുട്ടിയെ പൊള്ളയായ ഇഷ്ടിക (ഹോളോബ്ലോക്ക്) കൊണ്ട് തലയ്ക്കടിച്ച് കാറിനുള്ളിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ ഉപേക്ഷിച്ച് ഇയാൾ ആന്ധ്രാപ്രദേശിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിഭ്രാന്തനായ പ്രതിയുടെ കാർ ആദ്യം മതിലിലും പിന്നീട് ബെല്ലാരി സർവീസ് റോഡിൽ മറ്റ് വാഹനങ്ങളിലും ഇടിച്ച് അപകടമുണ്ടാക്കി. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചിക്കജാല പോലീസ് കാർ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. റോഡപകടത്തിൽ പരിക്കേറ്റ കുട്ടിയെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിക്കാൻ ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നായിരുന്നു പ്രതി പോലീസിന് നൽകിയ ആദ്യ മൊഴി. എന്നാൽ ചോദ്യം ചെയ്യലിലും പ്രാഥമിക അന്വേഷണത്തിലും കൊലപാതക വിവരം പുറത്തുവരികയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി എലുകുണ്ടലവാഡയ്ക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts