കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ വീറും വാശിയും നിറഞ്ഞ ആദ്യ വീക്കിലി ടാസ്ക് നിയമലംഘനങ്ങളെ തുടർന്ന് ബിഗ് ബോസ് റദ്ദാക്കി. ഇതോടെ ടാസ്കിലൂടെ മത്സരാർത്ഥികൾക്ക് ലഭിക്കേണ്ടിയിരുന്ന ലക്ഷ്വറി പോയിന്റുകളും നഷ്ടമായി. ടാസ്കിനിടയിൽ മത്സരാർത്ഥികൾ ആവർത്തിച്ച് അച്ചടക്കലംഘനം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് ബിഗ് ബോസിന്റെ കടുത്ത നടപടി.
‘ബിഗ് ബോസ് സിറ്റി’ നിർമ്മാണത്തിന്റെ ഭാഗമായി ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള അരി, പാൽ, പച്ചക്കറി, മരുന്ന് എന്നിവയടങ്ങുന്ന ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കുക എന്നതായിരുന്നു ടാസ്ക്. സൈറണുകളുടെ ഇടവേളകളിൽ കൺവെയർ ബെൽറ്റിലൂടെ വന്ന ഈ സാധനങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിനിടയിൽ കൺവെയർ ബെൽറ്റിലേക്ക് കൈയും തലയും ഇടരുതെന്ന മുന്നറിയിപ്പ് മത്സരാർത്ഥികൾ ലംഘിക്കുകയായിരുന്നു. ബിഗ് ബോസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഒരവസരം കൂടി നൽകണമെന്ന് ക്യാപ്റ്റൻ രാഹുൽ ഈശ്വർ അഭ്യർത്ഥിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
അതേസമയം, ടാസ്കിൽ നേടിയ തുകയുടെ അടിസ്ഥാനത്തിൽ നോബിയും ജസീലയുമാണ് ഏറ്റവും മുന്നിലെത്തിയത്. പണമൊന്നും ലഭിക്കാതിരുന്നവരുടെ പട്ടികയിലുണ്ടായിരുന്ന ഷിജിൻ, രാജേഷ്, മൃദുല എന്നിവരെ രാഹുൽ ഈശ്വർ നേരിട്ട് നോമിനേഷനിലേക്ക് നിർദ്ദേശിച്ചു. എന്നാൽ, അഞ്ചലിയുടെ കറൻസി മോഷ്ടിച്ച് തൻ്റെ കൈവശം പണമുണ്ടെന്ന് വെളിപ്പെടുത്തി മൃദുല അവസാന നിമിഷം എല്ലാവരെയും ഞെട്ടിച്ചു.
