നിരോധിച്ചിട്ടും വിപണിയിൽ തരംഗം; പോലീസിനെ രംഗത്തിറക്കി ഗണേശ വിഗ്രഹ വേട്ടയ്ക്ക് കർണാടക സർക്കാർ

ബെംഗളൂരു: പ്ലാസ്റ്റർ ഓഫ് പാരീസും (PoP) രാസവസ്തുക്കൾ അടങ്ങിയ ചായങ്ങളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഗണേശ വിഗ്രഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിയാതെ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB). നിയമം കർശനമായി നടപ്പിലാക്കുന്നതിനായി ബോർഡ് ഇപ്പോൾ സംസ്ഥാന പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്.

പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 2014-ലാണ് മലിനീകരണ നിയന്ത്രണ ബോർഡ് പി.ഓ.പി വിഗ്രഹങ്ങൾ നിരോധിച്ചത്. എന്നാൽ, ഓരോ വർഷവും ബെംഗളൂരു നഗരത്തിലുടനീളം ഇത്തരം നിരോധിത വിഗ്രഹങ്ങൾ വ്യാപകമായി വിൽക്കപ്പെടുന്നുണ്ട്. അതേസമയം, കളിമൺ വിഗ്രഹങ്ങളെ അപേക്ഷിച്ച് പി.ഓ.പി വിഗ്രഹങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് സർക്കാരും ബോർഡും അവകാശപ്പെടുന്നത്.

2023-ലെ ഗസറ്റ് വിജ്ഞാപനം ഉദ്ധരിച്ച് നിരോധനം ശക്തിപ്പെടുത്തുന്നതിനായി സെപ്റ്റംബർ 1-ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്കും സംസ്ഥാന ഡി.ജി.പി & ഐ.ജി.പിക്കും ബോർഡ് കത്തയച്ചു. നഗരത്തിലും സംസ്ഥാനത്തൊട്ടാകെയും നിരോധനം നടപ്പിലാക്കാൻ പൊലീസിന്റെ സഹകരണം ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.

കളിമണ്ണിൽ തീർത്ത വിഗ്രഹങ്ങൾക്ക് മാത്രമായിരിക്കണം അധികൃതർ അനുമതി നൽകേണ്ടതെന്ന് ബോർഡ് നിർദ്ദേശിച്ചു. പി.ഓ.പി വിഗ്രഹങ്ങൾ തടാകങ്ങൾക്കും മറ്റ് ജലാശയങ്ങൾക്കും ജലജീവികൾക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ വിഷയം എല്ലാ ഏജൻസികളെയും അറിയിക്കാൻ വനം, പരിസ്ഥിതി മന്ത്രാലയം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗണേശോത്സവ പന്തലുകൾ സ്ഥാപിക്കുന്നതിനും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നതിനും അനുമതി നൽകുന്ന വേളയിൽ പി.ഓ.പി വിഗ്രഹങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സന്നദ്ധസംഘടനകളുമായി കൂടിക്കാഴ്ച

പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുമായി (NGO) വനം, പരിസ്ഥിതി വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി സെപ്റ്റംബർ 7-ന് പരിസര ഭവനിൽ വെച്ച് കൂടിക്കാഴ്ച നടത്തും. പങ്കടുക്കാൻ താല്പര്യമുള്ള സംഘടനകൾക്ക് 9241669999 എന്ന നമ്പറിലേക്ക് എസ്.എം.എസ് അല്ലെങ്കിൽ വാട്സ്ആപ്പ് സന്ദേശം അയക്കാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts