ബെംഗളൂരു: 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് കർശനമായി തടയണമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ കെ. രാജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ചേർന്ന ദക്ഷിണ കന്നട ജില്ലാ പുകയില നിയന്ത്രണ സെൽ ഏകോപന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024-ലെ പുകയില ഉൽപ്പന്ന നിയമ ഭേദഗതി പ്രകാരം 21 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ടെന്ന് എ.ഡി.സി ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ഇവയുടെ വിൽപ്പന പാടില്ല. കഫേകൾ, ഹോട്ടലുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപനങ്ങളും പഞ്ചായത്തുകളും പരിശോധന ശക്തമാക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്.
വ്യക്തിഗതമായി സിഗരറ്റുകൾ വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതിനാൽ പാക്കറ്റുകളായി മാത്രമേ വിൽക്കുന്നുള്ളൂവെന്ന് പൊലീസും ആരോഗ്യവകുപ്പും ഉൾപ്പെടുന്ന സംയുക്ത എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ പുകവലിക്കുകയോ പുകയില ഉപയോഗിച്ച് തുപ്പുകയോ ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കും. പുകവലിക്കാനായി ലൈറ്ററോ തീപ്പെട്ടിയോ നൽകുന്ന കടകൾക്കെതിരെയും നടപടിയുണ്ടാകും.
വിദ്യാർഥികളുടെ ബാഗുകൾ കൃത്യമായി പരിശോധിക്കാനും വിദ്യാലയങ്ങൾ ‘പുകയില രഹിത സ്ഥാപനങ്ങളാണെന്ന്’ പ്രതിമാസം സാക്ഷ്യപ്പെടുത്താനും വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. പുതിയ ലൈസൻസുകൾ നൽകുമ്പോൾ പുകയില നിയന്ത്രണ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ അടുത്ത യോഗത്തിൽ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. എച്ച്.ആർ. തിമ്മയ്യ, അഡി. പൊലീസ് സൂപ്രണ്ട് അനിൽ കുമാർ ഭൂമിറെഡ്ഡി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]