ബെംഗളൂരുവിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ശിവഗംഗെ കുന്നിലേക്ക് ട്രെക്കിംഗിന് പോയ പ്രമുഖ ബിസിനസുകാരന്റെ മകനും ഐടി ജീവനക്കാരനുമായ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായി. വൈറ്റ്ഫീൽഡ് സ്വദേശിയായ പ്രതീക് ഉപാധ്യായയെ (31) ആണ് കാണാതായത്. സംഭവം കുടുംബത്തിലും നാട്ടുകാരിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ദക്ഷിണകാശി എന്നറിയപ്പെടുന്ന ശിവഗംഗെ കുന്നിന്റെ അടിവാരത്ത് പ്രതീക് വാടകയ്‌ക്കെടുത്ത ബുള്ളറ്റ് ബൈക്ക് പാർക്ക് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തി. അഞ്ച് ദിവസം മുമ്പാണ് വൈറ്റ്ഫീൽഡിൽ നിന്ന് ഇയാൾ ഈ ബൈക്ക് വാടകയ്‌ക്കെടുത്തത്. തുടർന്ന് ഇന്നലെ രാവിലെ ശിവഗംഗെ കുന്നിൽ കയറിയ ഇയാൾ പിന്നീട് തിരിച്ചെത്തിയിട്ടില്ല. കൂടാതെ ഇയാളുടെ മൊബൈൽ ഫോൺ മറ്റെവിടെയോ വച്ച് സ്വിച്ച് ഓഫ് ആയ നിലയിലാണ് കണ്ടെത്തിയത്. ഇത് തിരോധാനത്തിന് പിന്നിലെ സംശയം വർദ്ധിപ്പിക്കുന്നുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവഗംഗെ കുന്നുകളിലും പരിസര പ്രദേശങ്ങളിലും പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ശിവഗംഗെ കുന്നുകളിലെ അപകടകരമായ ശാന്തല ഡ്രോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്. കുന്നിന്റെ ദുർഘടമായ ഓരോ മുക്കിലും മൂലയിലും ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പോലീസും തിരച്ചിൽ നടത്തുന്നുണ്ട്.
ശിവഗംഗെ കുന്നിലേക്ക് ട്രെക്കിംഗിന് പോകുകയാണെന്ന് പ്രതീക് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഇയാളുടെ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്ന് ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വൈകുന്നേരത്തോടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ നെലമംഗല, കടുഗോഡി, ദബാസ്‌പേട്ട് പോലീസ് സംഘങ്ങൾ സംയുക്തമായാണ് പ്രതീകിനായുള്ള തെരച്ചിലിന് നേതൃത്വം നൽകുന്നത്. എന്നാൽ ഇയാളെക്കുറിച്ച് ഇതുവരെ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
