ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. പണത്തോടാണ് തനിക്ക് ആർത്തിയെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നുവെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ഒരു വിമർശകന്റെ മോശം കമന്റിന് നൽകിയ ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ ധ്രുവ് റാഠി പങ്കുവെച്ചതിന് പിന്നാലെയാണ് അധിക്ഷേപകരമായ കമന്റുകളുമായി ചിലർ എത്തിയത്. ഇതിനെതിരെ പ്രതികരിക്കവേ, താൻ രാജ്യത്തിന്റെ പുരോഗതിക്ക് നൽകുന്ന പ്രാധാന്യം ബി.ജെ.പിയിലെ മുഴുവൻ നേതാക്കളും ചേർന്നാൽ പോലും ഉണ്ടാകില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തന്റെ ലക്ഷ്യം പണമായിരുന്നുവെങ്കിൽ ഭരണകക്ഷിയോടൊപ്പം ചേരാൻ എളുപ്പമായിരുന്നുവെന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ തന്നെ വിമർശിക്കുന്നവർ തന്റെ ഷൂ നക്കാൻ പിന്നാലെ കൂടുമായിരുന്നുവെന്നും റാഠി കുറിച്ചു. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ കുടുംബാംഗങ്ങളെപ്പോലും വലിച്ചിഴച്ച് സൈബർ ആക്രമണം നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ആരാധകർക്കിടയിൽ ഉയരുന്നത്.
ഫാക്റ്റ് വിത്ത് ദിനേശ് എന്ന എക്സ് അകൗണ്ടിൽ വന്ന പോസ്റ്റ്
ഒരു മികച്ച കുടുംബസ്ഥനെന്ന നിലയിൽ ധ്രുവ് റാഠി വിജയിച്ചിരിക്കുന്നുവെന്ന കുറിപ്പോടുകൂടെ ഒരു ഫോളോവർ പങ്കുവെച്ച റാഠിയുടെ കുടുംബ ചിത്രങ്ങൾക്കടിയിൽ വന്ന ദിനേശ് എന്നയാളുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
‘ആ യുക്തിവെച്ച് നോക്കിയാൽ, എല്ലാ മയക്കുമരുന്ന് കച്ചവടക്കാരും ജീവിതത്തിൽ വിജയിച്ചവരാണ് – അവർക്ക് സ്നേഹനിധിയായ ഭാര്യയും കുട്ടികളുമുണ്ട്, കുടുംബത്തോടൊപ്പം നല്ല രീതിയിൽ സമയം ചിലവഴിക്കുന്നുമുണ്ട്. പക്ഷേ, പരോക്ഷമായി അവൻ സമൂഹത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇവിടെയും അതുതന്നെയാണ് സംഭവിക്കുന്നത്; പണത്തിന് വേണ്ടി ഈ ആട്ടിടയൻ ഇന്ത്യയിൽ അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയാണ്’ എന്നാണ് ഫാക്റ്റ് വിത്ത് ദിനേശ് വിമർശിച്ചത്.
https://x.com/FactswithDinesh/status/2050451289432375556?s=20
ധ്രുവ് റാഠിയുടെ മറുപടി
‘ബി.ജെ.പി എന്ന പാർട്ടിയും നേതാക്കളും രാജ്യത്തിന്റെ വളർച്ചയിൽ നൽകുന്ന പരിഗണനെയേക്കാൾ ഞാൻ എന്റെ രാജ്യത്തിന് നൽകുന്നുണ്ട്. നിങ്ങൾ ഇപ്പോൾ പിന്തുണയ്ക്കുന്നത് തെറ്റായ പക്ഷത്തെയാണെന്ന് ഒരുനാൾ നിങ്ങൾക്ക് മനസ്സിലാകും, അന്ന് നിങ്ങൾ ഖേദിക്കും. എനിക്ക് പണത്തോടാണ് ആർത്തിയെങ്കിൽ എനിക്ക് ബി.ജെ.പിയിൽ ചേരാമായിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് എന്നെ എതിർക്കുന്ന നിങ്ങളെ പോലെയുള്ളവർ എന്റെ ഷൂ നക്കുന്നവരായി കൂടെക്കൂടുമായിരുന്നു.” എന്നാണ് റാഠി ഈ ദിനേശിന്റെ വിമർശനത്തിന് മറുപടി നൽകിയത്.
ഇതാദ്യമായല്ല റാഠി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതും മറുപടി നൽകുന്നതും. പലപ്പോഴും കേന്ദ്ര സർക്കാറിന്റെ നയങ്ങളെയും ബി.ജെ.പി രാഷ്ട്രീയത്തെയും വസ്തുതകൾ നിരത്തി വിമർശിക്കുന്ന റാഠി, ഇതിനു മുമ്പും കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]