ബെംഗളൂരു: തിരക്കുപിടിച്ച നഗരജീവിതത്തിനിടയിലും ചുറ്റുമുള്ള മനുഷ്യരെയും ജീവജാലങ്ങളെയും കരുതലിന്റെയും സ്നേഹത്തിന്റെയും തണലിൽ ചേർത്തുനിർത്തുന്ന ഒരു ബെംഗളൂരു സ്വദേശിനിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് എല്ലാ ദിവസവും രാവിലെ ചൂടുചായയും ബിസ്‌ക്കറ്റും നൽകി സ്നേഹം പങ്കിടുന്ന ഈ സ്ത്രീയുടെ വിഡിയോ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.
പുലർച്ചെ ഉണർന്ന് വീട്ടുപടിക്കൽ നഗരസഭയുടെ മാലിന്യശേഖരണ വാഹനം വരുമ്പോൾ ഭൂരിഭാഗം ആളുകളും മാലിന്യം നൽകാൻ തിടുക്കം കൂട്ടുമ്പോൾ, ഈ സ്ത്രീ മാത്രം അവർക്കായി കരുതുന്നത് സ്നേഹം നിറഞ്ഞ പ്രഭാതഭക്ഷണമാണ്. ചൂടുള്ള ചായയും ബിസ്‌ക്കറ്റും വാഴപ്പഴവുമൊക്കെയായി എത്തുന്ന ഇവരെ കാത്ത് തൊഴിലാളികളും സന്തോഷത്തോടെയാണ് ഇങ്ങോട്ട് വരുന്നത്. വർഷങ്ങളായി പരസ്യമോ പ്രതിഫലമോ ആഗ്രഹിക്കാതെ തികച്ചും നിശബ്ദമായി ഇവർ ഈ സേവനം ചെയ്തുവരികയാണെന്ന് ഇൻസ്റ്റാഗ്രാം ഉപയോക്താവായ ജഗദീഷ് നടനള്ളി പങ്കുവെച്ച വീഡിയോയിലൂടെയാണ് ലോകമറിഞ്ഞത്.
വെറുമൊരു സഹായം എന്നതിലുപരി മുനിസിപ്പൽ ജീവനക്കാരോട് സ്നേഹത്തോടെ സംസാരിക്കാനും അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും ഇവർ സമയം കണ്ടെത്തുന്നുണ്ട്. പ്രത്യേക അവസരങ്ങളിൽ വിഭവസമൃദ്ധമായ ഭക്ഷണവും ഉപയോഗപ്രദമായ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ഇവർ തൊഴിലാളികൾക്കായി നൽകാറുണ്ട്. ശുചീകരണ തൊഴിലാളികളെ കൂടാതെ വഴിയോര കച്ചവടക്കാരെയും പൂക്കളും പച്ചക്കറികളും വിൽക്കാൻ എത്തുന്നവരെയുമൊക്കെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവർ കാണുന്നത്. ചില ദിവസങ്ങളിൽ സാധനങ്ങൾ ഒന്നും വാങ്ങാനില്ലെങ്കിൽ പോലും കച്ചവടക്കാരുടെ അടുത്തെത്തി സംസാരിക്കാനും അവരുടെ വിശേഷങ്ങൾ തിരക്കാനും ഇവർ മറക്കാറില്ലെന്ന് വീഡിയോ പങ്കുവെച്ച ജഗദീഷ് വ്യക്തമാക്കുന്നു.
മനുഷ്യരോട് മാത്രമല്ല, നിഷ്കളങ്കരായ ജീവജാലങ്ങളോടും ഈ അമ്മയ്ക്ക് വലിയ കാരുണ്യമാണ്. തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും പാലും ആഹാരവും നൽകുന്നതിനൊപ്പം, വീടിന്റെ ടെറസിൽ പക്ഷികൾക്കായി ധാന്യങ്ങളും വെള്ളവും ഇവർ ദിവസവും കരുതിവെക്കുന്നു. തന്റെ മനസ്സമാധാനത്തിനും സ്വയം സംതൃപ്തിക്കും വേണ്ടിയാണ് ഈ സ്ത്രീ ഇതെല്ലാം ചെയ്യുന്നതെന്നും ഒരു യഥാർത്ഥ അമ്മയുടെ സ്നേഹമാണ് ഇവരിലൂടെ കാണാൻ കഴിയുന്നതെന്നും ജഗദീഷ് കുറിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചയെന്നും, ഇത്തരം നിസ്വാർത്ഥരായ മനുഷ്യരാണ് ഈ ഭൂമിയെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നും നിരവധി ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തി. അർഹിക്കുന്ന അംഗീകാരം ഈ അമ്മയ്ക്ക് നൽകിയതിന് വീഡിയോ പകർത്തിയ ജഗദീഷിനെയും സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]