തിരുവനന്തപുരം:കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്.
കൂടുതൽ സൗകര്യങ്ങളോട് കൂടിയ 2:1 സീറ്റുകൾ ( ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് 2 സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്.
എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.
കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭിന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപ കൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത് പോലുള്ള പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനം.
എയർ സസ്പെഷനോട് കൂടിയ 12 മീറ്റർ അശോക് ലൈലാന്റ് ഷാസിയിൽൽ, ബിഎസ് 6 ചേയ്സിലുമായി എസ്.എം കണ്ണപ്പ ബാഗ്ലൂർ ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്. 200 എച്ച് പി പവർ ആണ് ഈ ബസുകൾക്ക് ഉള്ളത്.
സുരക്ഷയ്ക്ക് 2 എമർജൻസി വാതിലുകളും, നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം- കാസർഗോഡ് റൂട്ടിൽ ഒരു എ.സി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക. ഇതിന്റെ സ്വീകരണാർത്ഥം കൂടുതൽ ബസുകൾ പിന്നീട് പുറത്തിറക്കും.
കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങുന്ന കരുതൽ ധനം ബാങ്കിൽ ഇടുന്നതിനുപകരം ഇതിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും.
ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാർക്ക് കൂടെ പങ്ക് വയ്ക്കാനാണ് കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ശ്രമമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
ഇത്തരത്തിൽ പൊതു ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ബസുകൾ വാങ്ങി അതിന്റെ ലാഭം അവർക്ക് തന്നെ നൽകുന്ന പദ്ധതിയും നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ലക്ഷ്യമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.