ബെംഗളൂരു: കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബെംഗളൂരുവിലെ കോവിഡ് കേസുകളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി വർധിച്ചു, കൂടാതെ പോസിറ്റീവ് നിരക്ക് 1.1 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായും ഉയർന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, മെയ് 31 ന് ബെംഗളൂരുവിൽ 178 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, എന്നാൽ ഇത് ജൂൺ 10 ആയപ്പോഴേക്കും 494 ആയി ഉയർന്നു.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ 10 വാർഡുകളിൽ എട്ടെണ്ണം മഹാദേവപുരയിൽ നിന്നുള്ളവരാണ്, ഇത് അണുബാധകളുടെ വർദ്ധനവിന് പ്രധാന കാരണമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. മറ്റ് രണ്ട് വാർഡുകൾ വരുന്നത് ബൊമ്മനഹള്ളിയുടെ കീഴിലാണ്.
സോണിലെ വാർഡുകളിൽ ജനസാന്ദ്രത കൂടുതലാണ്. ഉദാഹരണത്തിന്, ബെല്ലന്ദൂരിൽ മാത്രം ഏകദേശം 1,30,000 ജനസംഖ്യയുണ്ട്. കൂടാതെ, ഹഗദൂർ, വർത്തൂർ തുടങ്ങിയ വാർഡുകളിലും 60,000-ത്തിനടുത്ത് ജനസംഖ്യയുണ്ട്. അതിനാൽ, കേസുകളുടെ എണ്ണവും കൂടുതലാണ് എന്നും ബിബിഎംപി ഹെൽത്ത് ഓഫീസർ (മഹാദേവപുര) ഡോ സുരേന്ദ്ര ആർ വിശദീകരിച്ചു.
ഈ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വൻതോതിലുള്ള വർധനവുണ്ടായതായും ബിബിഎംപി അധികൃതർ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെയും നിർമ്മാണ തൊഴിലാളികളുടെയും എണ്ണം ഈ പ്രദേശത്ത് കൂടുതലായത് കൊണ്ടും ഇതൊരു ഐടി ഹബ്ബായതിനാലും ധാരാളം ആളുകൾ ആഭ്യന്തര, അന്തർദേശീയ യാത്രകൾ നടത്തുന്നുണ്ടെന്നും ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ബിബിഎംപിയുടെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.