ബെംഗളൂരു: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ജോയിന്റ് കമ്മീഷണർ (ഖരമാലിന്യ മാനേജ്മെന്റ്) സർഫറാസ് ഖാൻ എല്ലാ സോണൽ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, നഗരത്തിലെ പ്ലാസ്റ്റിക് ഉൽപ്പാദന യൂണിറ്റുകളിലും അവ വിൽക്കുന്ന കടകളിലും ബിബിഎംപി അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. എട്ട് സോണുകളിലും സോണൽ മാർഷൽ സൂപ്പർവൈസർ, ഡിവിഷൻ മാർഷൽ സൂപ്പർവൈസർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്.
ബിബിഎംപിയുടെ ഈ ഉത്തരവ് ലംഘിക്കുന്ന കടകൾ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതാണ്. പത്മനാഭനഗർ വാർഡിലെ രണ്ട് പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ബിബിഎംപി പത്മനാഭനഗർ വാർഡിലെ സുബ്രഹ്മണ്യ മെയിൻ റോഡിലെ അഗ്രി എന്റർപ്രൈസസ് യൂണിറ്റിൽ നിന്നും 200 കിലോ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് പിടികൂടുകയും ചെക്ക് മുഖേന 6 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതായി ബിബിഎംപി പ്രസ്താവനയിൽ പറഞ്ഞു.
നഗരത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും അതിനാൽ കടകളോ ഉൽപ്പാദന യൂണിറ്റുകളോ ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കാൻ സോണൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.