ബെംഗളൂരു: തന്റെ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടമാവാതിരിക്കാൻ മംഗല്യസൂത്രം പണയപ്പെടുത്തി ടിവി വാങ്ങി വീട്ടമ്മ. ഗദക് ജില്ലയിലെ കസ്തൂരി ചലവാടിയാണ് ടെലിവിഷനിലൂടെ നടക്കുന്ന ക്ലാസുകൾ നഷ്ടമാവാതിരിക്കാൻ തന്റെ 12 ഗ്രാം തൂക്കമുള്ള മംഗല്യസൂത്രം പണയപ്പെടുത്തി ടിവി വാങ്ങിയത്. കസ്തൂരിയുടെ ഭർത്താവ് മുത്തപ്പ ദിവസവേതനക്കാരനാണ്. കൊറോണ വ്യാപനത്തെ തുടർന്ന് മിക്ക ദിവസങ്ങളിലും ഇയാൾക്ക് ജോലിയില്ലാത്ത സാഹചര്യമാണുള്ളത്.
ദൂരദർശനിലൂടെ ക്ലാസുകൾ ആരംഭിച്ചതോടെ ടിവിയിലൂടെ ക്ലാസുകൾ കാണണമെന്ന് അധ്യാപകർ നിർദേശിച്ചതായി കസ്തൂരി പറഞ്ഞു. വീട്ടിൽ ടിവിയില്ലാത്തതിനാൽ കുട്ടികൾ അടുത്ത വീടുകളിൽ പോയാണ് ടിവി കണ്ടിരുന്നത്. കുട്ടികളുടെ പഠനത്തിനായി മംഗല്യസൂത്രം പണയപ്പെടുത്തിയ വാർത്ത ശ്രദ്ധയിൽ പെട്ട തഹസിൽദാർ ഉദ്യോഗസ്ഥരെ അന്വേഷണത്തിനയച്ചു.
ഈ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ഇവർക്കായി രാഷ്ട്രീയപ്രവർത്തകരും പ്രദേശവാസികളും ധനശേഖരണം നടത്തി. കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് 50,000 രൂപയും മന്ത്രി സി.സി. പാട്ടീൽ 20,000 രൂപയും ഇവർക്ക് നൽകി. വായ്പ നൽകിയ പണമിടപാടുകാരൻ വിവരമറിഞ്ഞതിനെ തുടർന്ന് മംഗല്യസൂത്രം തിരികെ നൽകി. പണം കിട്ടുന്നതനുസരിച്ച് മടക്കി നൽകിയാൽ മതിയെന്ന് അയാൾ കസ്തൂരിയെ അറിയിക്കുകയും ചെയ്തു.
പലരോടും പണം കടം ചോദിച്ചിട്ടും ലഭിക്കാഞ്ഞിട്ടാണ് മംഗല്യസൂത്രം പണയപ്പെടുത്തി ടിവി വാങ്ങാൻ തീരുമാനിച്ചതെന്ന് കസ്തൂരി വ്യക്തമാക്കി. ക്ലാസ് നഷ്ടമായാൽ കുട്ടികളുടെ വിദ്യാഭ്യാസഭാവിയെ ബാധിക്കുമെന്ന് അറിയുന്നതിനാലാണ് ഏതു വിധേനയയും ടിവി വാങ്ങാൻ തീരുമാനിച്ചതെന്നും കസ്തൂരി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.