തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ അർധരാത്രി അക്രമം നടന്നതായി യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാർ സംഘംചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ ഫേസ്ബൂക്കിലൂടെ പുറത്ത് വന്നു. സുരേഷ് കല്ലട ബസില്‍ യാത്രചെയ്തവരാണ് അക്രമത്തിന് ഇരയായത്. വഴിയിൽ കേടായ ബസിന് പകരം സംവിധാനം ഒരുക്കാൻ വൈകിയത് ചോദ്യംചെയ്തതവർക്കാണ് മർദനമേറ്റത്.
ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത ഈ ദൃശ്യങ്ങളിലൂടെയാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസിലെ രാത്രികാല അതിക്രമം പുറത്തായത്.
തിരുവനന്തപുരത്ത് രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട്ട് എത്തിയപ്പോൾ കേടായി. അർധരാത്രി പെരുവഴിയിലായ യാത്രക്കാർ ജീവനക്കാരുമായി തർക്കമായി. തുടർന്ന് പൊലീസും ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടർന്നു. എന്നാൽ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസ് എത്തിയപ്പോൾ നേരത്തെ വിഷയം ചോദ്യം ചെയ്ത യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഫേസ്‌ബുക്കിൽ ജേക്കബ് പറയുന്നത് ഇങ്ങനെ;
ഇന്ന് വെളുപ്പിന് 12 മണിക്കാണ് കല്ലട സുരേഷ് ഗ്രൂപ്പിന്റെ ബസിൽ ബാംഗ്ലൂരിലേക്ക് പോകുവാൻ ജേക്കബ് ഫിലിപ്പ് കയറുന്നത്. പത്ത് മിനിറ്റിനകം സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗൺ ആകുകയായിരുന്നു. എല്ലാ യാത്രക്കാരെയും വാഹനത്തിൽ നിന്നും വെളിയിലിറക്കിയ ജീവനക്കാർ എന്നാൽ കൃത്യമായ ഉത്തരങ്ങൾ യാത്രക്കാർക്ക് നൽകിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങളോ അറിയിപ്പുകളോ നൽകുന്നതിനും ഡ്രൈവർ തയ്യാറായില്ല. ബസ് നന്നാക്കാൻ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി.
താൻ രണ്ടു തവണ റെഡ് ബസിൽ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതി റെക്കോഡ് ചെയ്തതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ലെന്നും ജേക്കബ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. യാത്ക്കാർ ദേശീയ പാതയോരത്ത് ഇരുട്ടിൽ തന്നെ നിൽക്കുകയും ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകാതാകുകയും ചെയ്തതോടെ രണ്ട് ചെറുപ്പക്കാർ ഡ്രൈവറോട് കയർത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ഡ്രൈവറുടെ ഫോണിൽ കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസിൽ ഈ ചെറുപ്പക്കാർ വിളിച്ചു.
എന്നാൽ ഇരു വശത്തു നിന്നും പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പൊലീസ് ഡ്രൈവറോട് യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പൊലീസും പോയി. വീണ്ടും മൂന്നു മണിക്കൂർ കഴിഞ്ഞാണ് പകരം ബസെത്തി ഇവർ യാത്ര തുടരുന്നത്.
പുതിയതായി എത്തിയ ബസിൽ യാത്ര തുടരവേ ബസിൽ എല്ലാവരും ഉറക്കമായിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം വലിയ ഒച്ച കേട്ടാണ് താൻ ഉണർന്നതെന്നും അപ്പോൾ കണ്ടത് ബസിന്റെ ഡ്രൈവർ ഉൾപ്പെടെ നാലഞ്ച് പേർ ചേർന്ന് നേരത്തേ ബസ് ഡ്രൈവറോട് ചൂടാകുകയും വൈറ്റിലയുള്ള കല്ലട ട്രാവൽസിന്റെ ഓഫീസിൽ വിളിക്കുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെയും സിനിമ സ്റ്റൈലിൽ മർദ്ദിക്കുകയായിരുന്നു എന്നും ജേക്കബ് പറയുന്നു.
ഹരിപ്പാട്ട് വച്ചുണ്ടായ തർക്കത്തിന് പകരം ചോദിക്കാൻ ജീവനക്കാർ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി. പലവട്ടം മുഖത്തടിയേറ്റതോടെ യുവാക്കള്‍ പ്രത്യാക്രമണത്തിന് ശ്രമിച്ചു. തുടർന്ന് ഇവരെ ബലമായി വലിച്ചിഴച്ച് ബസിന് പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. ഉറക്കത്തിലായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ഞെട്ടിയുണർന്നെങ്കിലും ഇവരുടെ കയ്യൂക്കിന് മുന്നിൽ ആരും പ്രതികരിച്ചില്ല. എന്നാൽ സംഭവം രഹസ്യമായി ഷൂട്ടുചെയ്ത ജേക്കബ് ഫിലിപ്പ് യാത്രക്കിടെ തന്നെ ഇത് ഫെയ്സ്ബുക്കിൽ ഇടുകയായിരുന്നു.
ഇതിന് പിന്നാലെ സുരേഷ് കല്ലട ഓഫീസിൽ നിന്ന് ജീവനക്കാർ തന്നെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയെന്നും കമന്റുകൾക്ക് മറുപടിയായി ജേക്കബ് ഫെയ്സ്ബുക്കിൽ പറഞ്ഞു. വാർത്ത പുറത്തുവിട്ടതിന് പിന്നാലെ വിവിധ മാധ്യമ ഓഫീസുകളില്‍ ബന്ധപ്പെട്ട ബസ് കമ്പനി, യാത്രക്കാരായ യുവാക്കള്‍ ജീവനക്കാരെയാണ് ആക്രമിച്ചതെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാൽ ഇങ്ങനെയൊരു പരാതിയും നൽകിയിട്ടില്ല.
വിവരമറിഞ്ഞ് രാത്രിയെത്തിയ പൊലീസ് സംഘം അവശരായ യുവാക്കളെ കണ്ട് തൃപ്പൂണിത്തുറ ആശൂപത്രിയിലേക്ക് അയക്കുകയായിരുന്നു എന്ന് അറിയിച്ചു. “മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാൽ അവർ അങ്ങോട്ടേക്ക് പോയില്ല. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവർക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തിട്ടുണ്ട്,” എസ്ഐ വിനോദ് പറഞ്ഞു.
അതേസമയം യുവാക്കളാണ് ആദ്യം പ്രശ്നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ പ്രതികരണം. യുവാക്കൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജർ ചില മാധ്യമങ്ങളോട് അറിയിച്ചു . “ഞങ്ങളുടെ ക്ലീനറെ ഹരിപ്പാട് വച്ച് അവർ അടിച്ച് മൂക്കിൽ നിന്നും വായിൽ നിന്നും ചോര വരുത്തി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് മർദ്ദിച്ചതെന്ന് ചോദിക്കാനാണ് വൈറ്റിലയിൽ നിന്ന് കൂടുതൽ ജീവനക്കാർ ബസിൽ കയറിയത്,” അദ്ദേഹം പറഞ്ഞു. അതേസമയം ഏത് ആശുപത്രിയിലാണ് ക്ലീനറെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കളെ ആക്രമിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല കൂടുതൽ ജീവനക്കാർ കൊച്ചിയിൽ വച്ച് ബസിലേക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുരേഷ് കല്ലട ബസ്സിൽ യുവാക്കളായ രണ്ട് യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേർക്ക് എതിരെയാണ് മരട് പൊലീസ് കേസെടുത്തത്. പ്രതികളുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. കണ്ടാലറിയാവുന്ന മൂന്ന് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് പൊലീസ് അറിയിച്ചു. യാത്രക്കാരെ മർദ്ദിക്കുന്നത് നേരിൽ കണ്ട് അജയ് ഘോഷ് എന്ന വ്യക്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.