ബെംഗളൂരു:രണ്ടു ദിവസമായി അടച്ചിട്ടിരുന്ന ചാർമാഡി ചുരം പാത മണ്ണു നീക്കുന്ന ജോലികൾ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. ഇന്നലെ വൈകുന്നേരത്തോടെ വാഹനങ്ങൾ ഓടിത്തുടങ്ങി. തിങ്കളാഴ്ച രാത്രിയിൽ പാതയിൽ മണ്ണിടിഞ്ഞു നൂറുകണക്കിനു വാഹനങ്ങൾ 15 മണിക്കൂറിലധികം കുടുങ്ങിയിരുന്നു.
പാതയിൽ ഒരു വശത്തെ മണ്ണു നീക്കിയാണു വാഹനങ്ങളെ കടത്തിവിട്ടത്. ചാർമാഡി മുതൽ കൊട്ടിഗെഹാര വരെ ചുരം മേഖല അടച്ചിട്ടാണു മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണും കല്ലുകളും നീക്കിയത്. കടപുഴകിയതും അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇന്നലെ പകൽ മഴ കുറഞ്ഞതു മണ്ണു നീക്കുന്ന ജോലികൾ വേഗത്തിലാക്കി. ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ ചാർമാഡി മുതൽ കൊട്ടിഗെഹാര വരെ 22 കിലോമീറ്റർ ദൂരത്തിൽ 11 വളവുകളാണു ചുരം മേഖലയിലുള്ളത്. ഇതിൽ മിക്ക വളവുകളിലും മണ്ണിടിഞ്ഞിരുന്നു.