വിജയാപുരയിൽ വിളയുന്ന ഇന്ത്യൻ റെഡ് ഗ്ലോബ് മുന്തിരിയാണ് വിലയിൽ മുന്നിൽ. ഒരു കിലോയ്ക്ക് 480 രൂപ മുതലാണ് റെഡ് ഗ്ലോബിന്റെ വില. വലുപ്പത്തിലും രുചിയിലും റെഡ് ഗ്ലോബ് മുന്നിലാണ്.നീലിമ കലർന്ന കറുപ്പു നിറമുള്ള ബാംഗ്ലൂർ ബ്ലൂ മുന്തിരിയുടെ വില കിലോയ്ക്ക് 30 രൂപ മുതലാണ് ആരംഭിക്കുന്നത്. മധുരം കുറവാണെങ്കിലും ജ്യൂസ്, ജാം, വൈൻ ഉൽപാദനത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ബാംഗ്ലൂർ ബ്ലൂ, പർപ്പിൾ എന്നറിയപ്പെടുന്ന മുന്തിരിയാണ്. ശരദ് സീഡ്ലെസ് എന്നറിയപ്പെടുന്ന ഇനം മുന്തിരി ബാഗൽകോട്ട്, നാസിക് മേഖലകളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്.
കേന്ദ്രമന്ത്രിയായിരുന്ന ശരദ്പവാർ മുന്തിരി കർഷകർക്കു നൽകിയ പ്രോത്സാഹനത്തിനു നന്ദി സൂചകമായാണ് ശരദ് സീഡ്ലെസ് എന്ന പേര് നൽകിയത്.
കൃഷ്ണ നദീതാഴ്വരയിൽ കൃഷിചെയ്യുന്ന കൃഷ്ണ, സോനക, തോംസൺ സീഡ്ലസ്, ഗുലാബി തുടങ്ങിയ ഇനങ്ങളും വിൽപനയ്ക്കുണ്ട്. 60 രൂപ മുതൽ 150 രൂപവരെയാണ് ഇവയുടെ വില. വിജയാപുര, ബാഗൽകോട്ട്, കോലാർ, ബെളഗാവി, ചിക്കബെല്ലാപുര, ബെംഗളൂരു ഗ്രാമജില്ല എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് മേളയ്ക്കെത്തിയിരിക്കുന്നത്. ഇടനിലക്കാരന്റെ ചൂഷണമില്ലാതെ വിഭവങ്ങൾ വിൽക്കാൻ സാധിക്കുമെന്നതാണ് മേളയുടെ ഗുണമെന്നു ദേവനഹള്ളിയിൽ നിന്നെത്തിയ കർഷകൻ രാമേഗൗഡ പറഞ്ഞു.
വരൾച്ച രൂക്ഷമായതു കാരണം പലരും മുന്തിരിക്കൃഷിയിൽ നിന്നു പിൻമാറിയതു കർണാടകയുടെ ആഭ്യന്തര ഉൽപാദനത്തിലും ഇടിവുണ്ടാക്കിയിട്ടുണ്ടെന്നു രാമേഗൗഡ പറഞ്ഞു. നാമധാരി, കിരൺ, യെല്ലോഫ്ലഷ് തുടങ്ങിയ തണ്ണിമത്തൻ ഇനങ്ങളാണ് വിൽപനയ്ക്കുള്ളത്. കിലോയ്ക്കു 10 രൂപ മുതൽ 40 രൂപ വരെയാണ് തണ്ണിമത്തൻ ഇനങ്ങളുടെ വില. ഓറഞ്ച്, പേരയ്ക്ക, സപ്പോട്ട, ബ്ലൂബെറി, സ്ട്രോബറി, വിവിധതരം ആപ്പിളുകൾ എന്നിവയും വിൽപനയ്ക്കുണ്ട്.
മേളയുടെ ഭാഗമായി കൂൺകൃഷി, അടുക്കളത്തോട്ടം എന്നിവ ഒരുക്കുന്നതു സംബന്ധിച്ചുള്ള പരിശീലന ക്ലാസുകൾക്കും തുടക്കമായി. ലാൽബാഗ് മേളയിലെ എല്ലാ പഴവർഗങ്ങൾക്കും പത്തുശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലാൽബാഗിലെ മേള നാളെ സമാപിക്കുമെങ്കിലും ഹോംപ്കോംസ് ശാഖകളിൽ ഒരു മാസക്കാലം മുന്തിരി-തണ്ണിമത്തൻ വിപണനമേള തുടരും.