ഫോണിൽ ഒരു ക്ലിക്ക്, ആരും അറിയില്ല; ബെംഗളൂരുവിൽ 6 ലക്ഷം യുവാക്കൾ രഹസ്യമായി ആ സത്യം തിരഞ്ഞു, ഞെട്ടിച്ച് ഫലം!

ബെംഗളൂരു: യുവാക്കൾക്കിടയിൽ എച്ച്ഐവി അണുബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച ക്യുആർ കോഡ് സ്വയം വിലയിരുത്തൽ കാമ്പെയ്‌ന് വൻ ജനശ്രദ്ധ. സ്വന്തം ആരോഗ്യം പരിശോധിക്കാനും എച്ച്ഐവി അപകടസാധ്യത വിലയിരുത്താനുമായി ഇതിനകം ആറ് ലക്ഷത്തോളം ആളുകളാണ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ക്യുആർ കോഡുകൾ സ്കാൻ ചെയ്തത്. രാജ്യത്ത് ആദ്യമായി കർണാടകയിലാണ് ഇത്തരമൊരു വിപ്ലവകരമായ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത്.

6 ചോദ്യങ്ങൾ; സ്വകാര്യത പൂർണ്ണമായും സുരക്ഷിതം

ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സംസ്ഥാനത്തുടനീളമുള്ള കോളേജുകൾ, സർവകലാശാലകൾ, വ്യവസായശാലകൾ, ബസ് സ്റ്റാൻഡുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് ക്യുആർ കോഡുകൾ പതിച്ചിരിക്കുന്നത്. ഫോണിൽ സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്ന ആറ് ലളിതമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ ഒരാൾ എച്ച്ഐവി ബാധിക്കാനിടയുള്ള അപകടമേഖലയിലാണോ അതോ സുരക്ഷിതനാണോ എന്ന് സ്വയം മനസിലാക്കാൻ സാധിക്കും.

പരിശോധന നടത്തുന്ന വ്യക്തിയുടെ പേരോ ഫോൺ നമ്പറോ മറ്റ് വ്യക്തിഗത വിവരങ്ങളോ ശേഖരിക്കില്ലെന്നും വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് ഉറപ്പുനൽകുന്നു. ലജ്ജയോ ഭയമോ കൂടാതെ സ്വന്തം വീട്ടിലിരുന്ന് പോലും ആരോഗ്യം വിലയിരുത്താം എന്നതുകൊണ്ടാണ് ലക്ഷക്കണക്കിന് യുവാക്കൾ ഈ സംരംഭത്തോട് സഹകരിച്ചത്.

5,000 പേർക്ക് അപകടസാധ്യത; മുൻകരുതലുമായി ആരോഗ്യവകുപ്പ്

ആറ് ലക്ഷം പേർ പങ്കെടുത്ത സ്വയം പരിശോധനയിൽ ഏകദേശം 5,000 ആളുകൾ എച്ച്ഐവി ബാധിക്കാനുള്ള അപകടസാധ്യതയുള്ള മേഖലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ അപകടസാധ്യത തിരിച്ചറിയുന്നവർക്ക് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി സന്ദർശിച്ച് സൗജന്യ കൺസൾട്ടേഷനും ആധികാരിക രക്തപരിശോധനയും തേടാനുള്ള വഴി ക്യുആർ കോഡ് വഴി തന്നെ ലഭ്യമാകും. യുവാക്കൾക്കിടയിലെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളാണ് കേസുകൾ ഉയരാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്

ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 18 വയസ്സുവരെയുള്ള 4,774 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് (2,566 ആൺകുട്ടികളും 2,207 പെൺകുട്ടികളും). എന്നാൽ 18 മുതൽ 30 വയസ്സ് വരെയുള്ള വിഭാഗത്തിലാണ് രോഗബാധ ഏറ്റവും ഉയർന്ന നിലയിലുള്ളത്. ഈ പ്രായപരിധിയിലുള്ള 10,223 സ്ത്രീകളും 11,811 പുരുഷന്മാരും 193 ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടെ ആകെ 22,227 പേരാണ് ചികിത്സയിലുള്ളത്. പരിശോധന നടത്തിയ 4,70,104 ഗർഭിണികളിൽ 170 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എച്ച്ഐവി ബാധിക്കുന്നത് ജീവിതത്തിന്റെ അവസാനമല്ലെന്നും തുടക്കത്തിലേ കണ്ടെത്തിയാൽ കൃത്യമായ ചികിത്സയിലൂടെ സാധാരാണ ജീവിതം നയിക്കാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അണുബാധ നിരക്ക് കുറയ്ക്കുന്നതിലും പൊതുജനങ്ങൾക്കിടയിലെ ഭയം അകറ്റുന്നതിലും ഈ ക്യുആർ കോഡ് കാമ്പെയ്‌ൻ വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts