ബെംഗളൂരു: വാർഷിക ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 108 ആംബുലൻസ് ജീവനക്കാർ സംസ്ഥാന സർക്കാരിന് നൽകിയ 15 ദിവസത്തെ സമയപരിധി അവസാനിച്ചു. സമയപരിധി പൂർത്തിയായിട്ടും ആരോഗ്യ വകുപ്പിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനെ തുടർന്ന് സമരം ശക്തമാക്കാൻ ജീവനക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ രാത്രി 8 മണിക്ക് ശേഷം സംസ്ഥാനത്തുടനീളം 108 ആംബുലൻസ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കും.
നാളെ വൈകുന്നേരത്തിനകം ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സർവീസുകൾ പൂർണ്ണമായി സ്തംഭിപ്പിക്കുന്നതിനൊപ്പം കൂട്ടരാജിയടക്കമുള്ള കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരം പ്രാബല്യത്തിൽ വരുന്നതോടെ ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും അടിയന്തര ആരോഗ്യ സേവനങ്ങൾ പൂർണ്ണമായി തടസ്സപ്പെടാനും സംസ്ഥാനത്ത് വലിയ രീതിയിലുള്ള ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിക്കപ്പെടാനും സാധ്യതയേറെയാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വാർഷിക ശമ്പള വർദ്ധനവോടെയുള്ള കൃത്യമായ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, മേഖലാ വേതന നിർണ്ണയ സംവിധാനം അവസാനിപ്പിച്ച് എല്ലാവർക്കും ഏകീകൃത വേതനം അനുവദിക്കുക, സീനിയോറിറ്റി അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുക എന്നിവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ. കൂടാതെ, തൊഴിൽ വകുപ്പിന്റെ ചട്ടപ്രകാരം എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ വേതനം നൽകുക, ജോലിക്കിടെ അപകടത്തിൽ മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, അനുയോജ്യമായ വിശ്രമമുറികൾ അനുവദിക്കുക, ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ജീവനക്കാർ സമര രംഗത്തിറങ്ങിയിരിക്കുന്നത്.
