അസമിൽ പ്രഭാത സവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ പെൺകുട്ടിയെ ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അസമിലെ ദിബ്രുഗഢ് ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎൻ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് വാഹനത്തിലെത്തിയ അജ്ഞാതരായ പ്രതികൾ കുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി കടത്തിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടി തിരിച്ചെത്താതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബം ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മണിക്കൂറുകൾക്ക് ശേഷം ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ചാക്ക് ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരൻ ഉടൻ തന്നെ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി ചാക്ക് അഴിച്ചു പരിശോധിച്ചപ്പോഴാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്തുന്നതിനായി ദിബ്രുഗഡ് പൊലീസ് വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രദേശത്തെയും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ സിസിടിവി നിരീക്ഷണ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ തന്നെ ഇവർ വലയിലാകുമെന്നും പൊലീസ് അറിയിച്ചു.
