കൊച്ചി: തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്ത് രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം ലഭിച്ച വൻ വരവേൽപ്പ് രണ്ടാം ദിവസവും തുടരുകയാണ്. ഇതോടെ റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
പ്രേക്ഷകർ ഈ ചിത്രത്തിനായി എത്രത്തോളം കാത്തിരിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു റിലീസിന് 11 ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിലിന്റെ കണക്കുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 15.85 കോടി നെറ്റ് കളക്ഷനും 18.37 കോടി ഗ്രോസ് കളക്ഷനും സ്വന്തമാക്കി. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം 43.37 കോടി രൂപയാണ് ചിത്രം വാരിയത്. എന്നാൽ കേരളത്തിലെ ട്രാക്കർമാരുടെ കണക്കനുസരിച്ച് ആഗോള ഓപ്പണിംഗ് കളക്ഷൻ 46 കോടിക്ക് മുകളിലാണ്.
റിലീസിന്റെ രണ്ടാം ദിനവും ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ പല ഘട്ടങ്ങളിലും മണിക്കൂറിൽ 20,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആദ്യ രണ്ട് ദിവസത്തെ കളക്ഷൻ വഴി മാത്രം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 85 മുതൽ 90 കോടി രൂപ വരെ നേടുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ. ഇതോടെ മൂന്നാം ദിവസം തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ തൊടും.
ഈ നേട്ടത്തോടെ ഏറ്റവും വേഗത്തിൽ 100 കോടി പിന്നിടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 3 സ്വന്തമാക്കും. വെറും 2 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ ‘എമ്പുരാൻ’ ആണ് നിലവിൽ ഈ പട്ടികയിൽ ഒന്നാമത്. ആറ് ദിവസം കൊണ്ട് 100 കോടി കടന്ന ‘തുടരും’ എന്ന ചിത്രത്തെ പിന്നിലാക്കിക്കൊണ്ടാണ് ജോർജുകുട്ടിയും കുടുംബവും ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്.
