‘അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും’; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രശസ്തമായ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. തന്റെ ആക്ഷേപഹാസ്യ നീക്കങ്ങൾ അവസാനിപ്പിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങൾ അഭിജിത് തന്നെയാണ് പുറത്തുവിട്ടത്. ഭീഷണിയെത്തുടർന്ന് മധ്യപ്രദേശ് സ്വദേശിയായ അഭിജിത്തിന്റെ രക്ഷിതാക്കൾ വൻ ആശങ്കയിലാണ്.

“കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക, പകരം നിങ്ങള്‍ക്ക് പണം ലഭിക്കും, ബിജെപിയില്‍ ചേരുക; അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും” എന്നതായിരുന്നു എക്സ് പ്ലാറ്റ്‌ഫോമിലൂടെ അഭിജിത്തിന് ലഭിച്ച പ്രധാന ഭീഷണി സന്ദേശങ്ങളിലൊന്ന്. പാര്‍ട്ടി രൂപീകരിച്ച ശേഷം ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തരം ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ അഭിജിത്, തനിക്ക് ലഭിച്ച ഒരു വീഡിയോ ഭീഷണി സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് അഭിജിത്. മകന്റെ ഈ നീക്കങ്ങൾ വലിയ അപകടങ്ങളിലേക്കോ അറസ്റ്റിലേക്കോ നയിച്ചേക്കാമെന്നും ഭീഷണികൾ വന്നതിനു ശേഷം തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടെന്നും അഭിജിത്തിന്റെ മാതാപിതാക്കളായ ഭഗവാനും അനിത ദീപ്കേയും പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ പ്രവർത്തിക്കുന്ന ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം (ഐബി) കേന്ദ്രസര്‍ക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള വലിയൊരു ഗൂഢാലോചന ഈ അക്കൗണ്ടുകൾക്ക് പിന്നിലുണ്ടെന്നാണ് ഐബിയുടെ സംശയം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐടി മന്ത്രാലയം നിർദേശം നൽകിയതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ വിലക്കി. വൈകാതെ ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും തടഞ്ഞേക്കുമെന്നാണ് സൂചന. നിലവിൽ ഒരുകോടി അറുപത് ലക്ഷത്തോളം ഫോളോവേഴ്സാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനുള്ളത്.

എക്സ് അക്കൗണ്ട് വിലക്കിയതിന് പിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ ആരംഭിച്ച പുതിയ ഹാൻഡിലിനും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം വരിക്കാരെ ലഭിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഈ പുതിയ ഹാൻഡിൽ വഴിയാണ് ആരംഭിച്ചത്. എന്നാൽ, അരാജകത്വം സൃഷ്ടിച്ച് ജനാധിപത്യത്തെ തകര്‍ക്കാൻ ആർക്കും കഴിയില്ലെന്ന് ബിജെപി ഇതിനോട് പ്രതികരിച്ചു. ഈ കൂട്ടായ്മ മുൻകൂട്ടി തയാറാക്കിയ ഒരു വലിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts