നഗരത്തിൽ സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തിയ അസാധാരണമായ ഉയർന്ന താപനിലയെത്തുടർന്ന് ഉഷ്ണബന്ധിയായ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. അടുത്തിടെ നഗരത്തിൽ ഉയർന്ന താപനില 32.6 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. കഠിനമായ നിർജലീകരണം, തലകറക്കം, തലവേദന, പേശിപിടുത്തം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഭൂരിഭാഗം രോഗികളും ആശുപത്രികളെ സമീപിക്കുന്നത്. അന്തരീക്ഷത്തിലെ ഉയർന്ന ചൂടിൽ കൂടുതൽ സമയം തുടരുന്നത് കടുത്ത ശാരീരിക തളർച്ചയ്ക്കും ഗുരുതരമായ അവസ്ഥയിൽ സൂര്യാഘാതത്തിനും വഴിവെച്ചേക്കാം.
പതിവ് സെപ്റ്റംബർ മാസങ്ങളെ അപേക്ഷിച്ച് ചൂടും ഈർപ്പവും വർധിച്ച ദിനങ്ങളിൽ ചൂട് മൂലമുള്ള ശാരീരിക അസ്വസ്ഥതകളുമായി എത്തുന്ന രോഗികളുടെ എണ്ണത്തിൽ പ്രകടമായ വർധനവുണ്ടെന്ന് ആന്തരിക രോഗവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബ്രുന്ദ എം.എസ് പറഞ്ഞു. തുടർച്ചയായ ചൂടും വായുവിലെ ഈർപ്പവും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമാണ് ഇത്തരം പ്രശ്നങ്ങൾ കഠിനമാക്കുന്നത്. പതിവിലും കുറഞ്ഞ മഴ ലഭിച്ചതും രോഗങ്ങൾ പടരാനും സുഖപ്പെടാനുള്ള സമയം നീളാനും കാരണമായതായി ജനറൽ മെഡിസിൻ കൺസൾട്ടന്റ് കിരൺ ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ചൂട് കാരണം ശരീരത്തിലുണ്ടാകുന്ന കടുത്ത ക്ഷീണം രോഗമുക്തി വൈകിപ്പിക്കുന്നുണ്ട്.
അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ വായുവിൽ സ്രവത്തുള്ളികളുടെ സാന്നിധ്യത്തെയും ചില വൈറസുകളുടെ നിലനിൽപ്പിനെയും സ്വാധീനിക്കാമെങ്കിലും ശ്വാസകോശ വൈറസുകൾ പ്രധാനമായും പകരുന്നത് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണെന്ന് ശ്വാസകോശ രോഗവിഭാഗം ഡയറക്ടർ ഡോ. വിവേക് ആനന്ദ് പഡേഗൽ പറഞ്ഞു. കഠിനമായ ക്ഷീണം, പേശിപിടുത്തം, എഴുന്നേറ്റു നിൽക്കുമ്പോൾ അനുഭവപ്പെടുന്ന തലകറക്കം എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചൂട് രക്തയോട്ടത്തെയും രക്തസമ്മർദ്ദത്തെയും സ്വാധീനിക്കുന്നതാണ് തലകറക്കത്തിന് കാരണമാകുന്നതെന്ന് ലീഡ് കൺസൾട്ടന്റ് ഡോ. അരവിന്ദ എസ്.എൻ പറഞ്ഞു. വിശ്രമത്തിലൂടെയും തണുപ്പുള്ള അന്തരീക്ഷത്തിലേക്ക് മാറുന്നതിലൂടെയും ലക്ഷണങ്ങളിൽ ആശ്വാസം ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും കുറയാത്ത അസ്വസ്ഥതകളെ വെറും ക്ഷീണമായി കണ്ട് തള്ളിക്കളയരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വേനൽക്കാല മാസങ്ങളായ ഏപ്രിൽ, മേയ് മാസങ്ങളിൽ ആളുകൾ സ്വാഭാവികമായും ചൂടിനെതിരെ ജാഗ്രത പുലർത്താറുണ്ടെങ്കിലും സെപ്റ്റംബറിലെ ഉയർന്ന താപനിലയെ പലരും നിസ്സാരമായി കാണുന്നതാണ് സ്ഥിതി വഷളാക്കുന്നത്. തുടർച്ചയായ ദിനങ്ങളിലല്ലാതെ, അമിത ചൂടോ ഈർപ്പമോ ഉള്ള പ്രത്യേക ദിവസങ്ങളിലാണ് നിലവിൽ ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
