ബെംഗളൂരു : കർണാടകത്തിലെ അധികാരമാറ്റം സംബന്ധിച്ച് സോണിയാ ഗാന്ധിയുടെ വസതിയിൽ ഹൈക്കമാൻഡ് യോഗം ചേർന്നു. സോണിയാ ഗാന്ധിക്കൊപ്പം പാർട്ടി ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് ചർച്ച നടത്തിയത്. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങൾ വിലയിരുത്തിയെങ്കിലും അന്തിമ തീരുമാനമെടുത്തില്ല. ജനുവരിയിൽ വീണ്ടും ഈ വിഷയം ചർച്ച ചെയ്തു തീരുമാനമെടുക്കാനാണ് ധാരണയെന്നാണ് വിവരം.
സംസ്ഥാനത്തെ അധികാരമാറ്റം സംബന്ധിച്ച് നേരത്തേ രാഹുൽഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതുവരെ ഈ വിഷയത്തിൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിരുന്നില്ല. ശനിയാഴ്ച സോണിയുടെ വസതിയിൽത്തന്നെ ചർച്ച നടക്കുകയായിരുന്നു. കഴിഞ്ഞിടയ്ക്ക് ഡൽഹി സന്ദർശിച്ച ശിവകുമാർ, സോണിയാ ഗാന്ധിയുടെ വിശ്വസ്തയായ കോൺഗ്രസ് നേതാവ് അംബികാ സോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സോണിയയുടെ നിലപാട് ശിവകുമാറിന് അനുകൂലമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വിലയിരുത്തൽ. 2019-ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവകുമാറിനെ അറസ്റ്റുചെയ്ത് തിഹാൽ ജയിലിൽ അടച്ചപ്പോൾ സോണിയ അവിടെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
അടുത്ത തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന് അന്ന് സോണിയാ ഗാന്ധിക്ക് താൻ വാക്കുകൊടുത്തിരുന്നെന്നും അത് പാലിച്ചെന്നും ശിവകുമാർ പറഞ്ഞിട്ടുണ്ട്. ഈ ചരിത്രമെല്ലാം അനുകൂലമാകുമെന്നാണ് ശിവകുമാർ ക്യാമ്പ് കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]