ബെംഗളൂരു : സാംസ്കാരിക നഗരമായ മൈസൂരുവിൽ ലോകപ്രശസ്തമായ ദസറ ഉദ്ഘാടനം ചെയ്തു. ചാമുണ്ഡേശ്വരിയുടെ സാന്നിധ്യത്തിൽ കവി ബാനു മുഷ്താഖ് 2025 ലെ ദസറ ഉത്സവം ഉദ്ഘാടനം ചെയ്തു.
ചാമുണ്ഡേശ്വരിക്ക് പൂക്കൾ അർപ്പിച്ചുകൊണ്ടാണ് ദസറ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മന്ത്രിമാരും എംഎൽഎമാരും ഈ അവസരത്തിൽ പങ്കെടുത്തു. കൊട്ടാരത്തിൽ യദുവീർ വോഡയാറിന്റെ സ്വകാര്യ ദർബാർ നടക്കും..
മൈസൂരു കൊട്ടാരവും നഗരവീഥികളും ദീപപ്രഭയിൽ അലംകൃതമാകും. ജംബു സവാരിയും എയർഷോയും പുഷ്പോത്സവും ഭക്ഷ്യമേളയും കലാപ്രദർശനവുമെല്ലാം നാടിന്റെ ഉത്സവച്ഛായക്ക് മാറ്റുക്കൂട്ടും.
മൈസൂരു രാജവംശത്തിന്റെ രാജകീയ രക്ഷകർതൃത്വത്തിൽ ബഹുജനങ്ങളുടെ ഉത്സവമായി വളർന്ന ദസറ ഇന്ന് സർക്കാരിന്റെ കീഴിലാണ് ആഘോഷിക്കുന്നത്. ആഘോഷങ്ങൾക്കായി ചാമുണ്ഡിക്ഷേത്രം, കൊട്ടാര പരിസരം എന്നിടങ്ങളിലടക്കം ഒരുക്കങ്ങൾ പൂർത്തിയായി.
സംസ്ഥാന, ദേശീയതലത്തിലുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ കൊട്ടാരത്തിനു മുന്നിൽ ദിവസവമുള്ള സാംസ്കാരിക പരിപാടികൾ ദസറയുടെ മുഖ്യആകർഷണമാണ്.
രണ്ടായിരത്തിലേറെയുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് ദസറയ്ക്ക് മുന്നോടിയായി നഗരത്തിൽ ശുചീകരണ പ്രവർത്തനം നടന്നത്.
ദസറ ദിനങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി മൈസൂരുവിനെ ഉയർത്തിപ്പിടിക്കുന്നതിനായാണ് ‘സ്വച്ഛ് ദസറ’ എന്ന ആശയവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ രംഗത്തെത്തിയത്.
കൊട്ടാരവും നഗരവീഥികളും തെരുവോരങ്ങളും നഗരത്തിലെ വൃക്ഷങ്ങളും ഇനി ദീപപ്രഭയാൽ അലംകൃതമാകും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പതിനായിരങ്ങളെത്തുന്ന ദസറയ്ക്ക് വൻമുന്നൊരുക്കമാണ് മൈസൂരു സിറ്റി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയത്.
മൈസൂരു കൊട്ടാരത്തിന് മുന്നിൽ തിങ്കളാഴ്ച മുതൽ ദസറയ്‌ക്കെത്തിയ വിനോദസഞ്ചാരികളെ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതംചെയ്യുകയും ആദരിക്കുകയും ചെയ്തു.
കമാൻഡോ ഫോഴ്സ്, റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്, സിവിൽ, ട്രാഫിക് പോലീസ്, കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി), ജില്ലാ, നഗര സായുധ റിസർവ് പോലീസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ 6,000-ത്തിലധികം ഉദ്യോഗസ്ഥരാണ് ദസറ സുരക്ഷ ജോലിക്കായുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]