യെമന്‍ പൗരനെ കൊന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതായി റിപോര്‍ട്ട്.
ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാല്‍ അബ്ദുല്‍ മെഹ്ദിയുടെ കുടുംബവുമായും ഗോത്ര മേധാവിമാരുമായും മാപ്പപേക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ലാ അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ ദിയാധനത്തിന്റെ രണ്ടാം ഗഡുവായി ഏകദേശം 16.60 ലക്ഷം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണു മോചനശ്രമം നിലച്ചത്.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയ തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി.
അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മെഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു.
പിന്നീട്, ബന്ധം മോശമായതിനെ തുടര്‍ന്ന് 2017ലാണ് കൊല നടന്നത്. വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയിലാണ് മെഹ്ദിയുടെ മൃതദേഹം കണ്ടെത്തിയത്.
മെഹ്ദിയെ താന്‍ മയക്കുമരുന്ന് കുത്തിവച്ച് മയക്കുക മാത്രമാണ് ചെയ്തതെന്ന് നിമിഷ വാദിച്ചു. പിന്നീട് സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു വാദം. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി നിമിഷക്ക് വധശിക്ഷ വിധിച്ചു.
കൊലക്ക് കൂട്ടുനിന്ന ഹനാന്‍ എന്ന യുവതിക്ക് ജീവപര്യന്തം തടവും വിധിച്ചു. അപ്പീല്‍ പോയെങ്കിലും മേല്‍ക്കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി കഴിഞ്ഞ അഞ്ച് മാസമായി സന്‍ആയിലാണുള്ളത്. സേവ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോമാണ് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
യെമനില്‍ സൗദി പിന്തുണയുള്ള റഷാദ് മുഹമ്മദ് അല്‍ അലിമി പ്രസിഡന്റായിട്ടുള്ള പ്രദേശത്താണ് കേസ് നടക്കുന്നത്. ഏദന്‍ ആസ്ഥാനമാക്കിയ സര്‍ക്കാരിനെയാണ് റഷാദ് നയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.