നഗരത്തിൽ നേരിയ മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഐഎംഡി

ബെംഗളൂരു: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) കർണാടക തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ വരെ അതിശക്തമായ മഴ പ്രവചിക്കുന്ന മേഖലയിൽ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.

തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരം വരെ കടലിൽ പ്രക്ഷുബ്ധത രൂപപ്പെട്ടതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഐഎംഡി ബെംഗളൂരുവിലെ ശാസ്ത്രജ്ഞൻ എ പ്രസാദ് പറഞ്ഞു. ശനിയാഴ്ച മുതൽ അടുത്ത നാല് ദിവസത്തേക്ക് കർണാടക തീരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

വ്യാഴാഴ്ച തീരദേശ കർണാടകയിൽ മൂന്നിടങ്ങളിൽ അതിശക്തമായ മഴയും എട്ടിടങ്ങളിൽ കനത്ത മഴയുമാണ് പെയ്തത്. ഉത്തര കന്നഡയിലെ മങ്കിയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 15 സെന്റീമീറ്റർ. അങ്കോളയിലും കാർവാറിലും യഥാക്രമം 13 സെന്റിമീറ്ററും 12 സെന്റീമീറ്ററും മഴ ലഭിച്ചതായും ഐഎംഡി ശാസ്ത്രജ്ഞർ പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിലോ തെക്കൻ ഉൾപ്രദേശങ്ങളിലോ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടില്ല.

ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് ഐഎംഡി പ്രവചിക്കുന്നത്. കുറച്ചുനേരം ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും പ്രസാദ് പറഞ്ഞു.

ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും മേഘാവൃതമായ ആകാശം നിലനിൽക്കാൻ സാധ്യതയുണ്ട്. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 28, 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us