ബെംഗളൂരു: കർണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (കെസെറ്റ് 2021) പരീക്ഷ തീയതി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഈ വരുന്ന ഏപ്രിൽ 25 ന് കെ സെറ്റ് പരീക്ഷ നടത്തും എന്ന് മൈസൂർ സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു.
“ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് മുൻപ് നിശ്ചയിച്ച തിയ്യതിയിൽ നിന്ന് പരീക്ഷ മാറ്റിവച്ചത്.പുതുക്കിയ തീയതി ഏപ്രിൽ 25 ആണ്. പരീക്ഷ വിജയകരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരും ബന്ധപ്പെട്ട സർക്കാർ പ്രവർത്തകരും ജില്ലകളിലെമ്പാടുമുള്ള പൊലീസും സഹകരിക്കും”, എന്ന് കോർഡിനേറ്റിംഗ് ഓഫീസർ പ്രൊഫ. എച്ച്. രാജശേഖർ അറിയിച്ചു.
കെസെറ്റ് 2021 കർണാടകയിലെ 11 കേന്ദ്രങ്ങളിൽ നടത്തും. സ്ഥാനാർത്ഥികൾക്ക് അവരുടെ റോൾ നമ്പറിന്റെ അടിസ്ഥാനത്തിൽ ഒരു കേന്ദ്രം അനുവദിക്കുന്നതാണ്.
പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ അപേക്ഷകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അപേക്ഷകർ അഡ്‌മിറ്റ് കാർഡ് കൈവശം വെക്കേണ്ടതാണ്. പരീക്ഷ ആരംഭിക്കുന്ന സമയത്തിന് 30 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രങ്ങൾ തുറക്കും. പരീക്ഷയുടെ 2 മണിക്കൂറിന് മുമ്പ് അപേക്ഷകർ പരീക്ഷാ ഹാളിൽ എത്തേണ്ടതാണ്.