ബെംഗളൂരു: നഗരത്തിൽ കോവിഡിന്റെ രണ്ടാംവരവ് രോഗബാധ പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. ബെംഗളൂരു അർബനിൽ കഴിഞ്ഞ ദിവസം 10,497 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരുവിൽ പ്രതിദിന രോഗബാധ 10,000 കടക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,12,521-ലെത്തി. 30 പേർ കൂടി മരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,963 ആയി. സജീവ കേസുകളുടെ എണ്ണം 71,827-ലെത്തി.
നഗരത്തിലെ കോവിഡ് തീവ്രവ്യാപനം തുടരുന്ന സ്ഥലങ്ങൾ:
- കെമ്പെഗൗഡ
- ജക്കൂർ
- ബ്യാട്ടരായണപുര
- വിദ്യാരായന്യപുര
- ബാനസവാടി
- ന്യൂ ടിപ്പസാന്ദ്ര
- സംപങ്ങിരാമനഗര
- ശാന്തള നഗർ
- കോണെന്ന അഗ്രഹാര
- സങ്കേനഹള്ളി
- വിസ്‌വേശരപുരം
- കോറമംഗല
- സുദ്ധഗുന്റെപാളയ
- പട്ടാഭിരാമൻ നഗർ
- സാരക്കി
കോവിഡ് വ്യാപനം കുതിച്ചുയരുന്ന ബെംഗളൂരുവിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താൻ കോർപ്പറേഷൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നഗരത്തിൽ എട്ട് കോവിഡ് കെയർ സെന്ററുകൾകൂടി ഇന്ന് മുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുതിക്കാൻ തുടങ്ങിയപ്പോൾ രണ്ട് കോവിഡ് കെയർ സെന്ററുകൾ കോർപ്പറേഷൻ സജ്ജമാക്കിയിരുന്നു. ഇവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഇതിനുപുറമേയാണ് എട്ട് ചികിത്സാകേന്ദ്രങ്ങൾകൂടി വരുന്നത്.
കോവിഡ് വ്യാപനം തീവ്രഗതിയിലായതിനാൽ നഗരത്തിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. ഇതിന്റെ ഭാഗമായാണ് കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്.
ഇതിനിടെ കോവിഡ് നിയമലംഘനങ്ങൾ പരിശോധിക്കാൻ പോലീസുകാർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
കർണാടക പകർച്ചവ്യാധി നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പോലീസിന് മാർഗനിർദേശം നൽകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, ആളുകൾ കൂട്ടംകൂടുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടി സ്വീകരിക്കേണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.