കാലിടറി ,കടപുഴകി താര ഗോപുരങ്ങള്‍ …..! പുത്തന്‍ ചാമ്പ്യന്‍മാര്‍ ഉദയം ചെയ്യുമോ ..? ‘എട്ടിന്റെ പണിക്ക് ‘ ഒരു ദിനം ബാക്കി നില്‍ക്കുമ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ഒരു അവലോകനം …!!

ലോകകപ്പ് 21ആം എഡിഷന്‍ റൌണ്ട് ഓഫ് 16 കഴിയുമ്പോള്‍ ഇത് വരെ നടന്ന പതിപ്പുകളില്‍ വെച്ച് ഏറ്റവും ആവേശം നിറഞ്ഞ ലോകകപ്പു ആണ് ഇതെന്ന് ലോകമെമ്പാടും ഉള്ള ഫുട്ബോള്‍ ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. കപ്പു നേടും എന്ന് പ്രതീക്ഷിച്ചു വന്ന പല വന്‍ ടീമുകളും പെട്ടെന്ന് പുറത്താവുന്നത് ഈ ലോകകപ്പില്‍ കാണാന്‍ സാധിച്ചു. വിരലില്‍ എണ്ണാവുന്ന കളികള്‍ മാറ്റി നിര്‍ത്തിയാല്‍ ഓരോ കളികളും ആവേശം നിറഞ്ഞതും പ്രവചനാതീതവും ആയിരുന്നു. വലിയ ടീമുകളെ പേടിയില്ലാതെ നേരിട്ട ചെറു ടീമുകള്‍ ഓരോ കളിയും ആവേശഭരിതമാക്കി. നിലവിലുള്ള ജേതാക്കള്‍ ആയ ജര്‍മ്മനി, മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, സ്പെയിന്‍, കിരീടം നേടാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന പോര്‍ച്ചുഗല്‍ എന്നിവര്‍ പുറത്തായപ്പോള്‍ ആതിഥേയര്‍ ആയ റഷ്യ, മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേ, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഈ തവണത്തെ കറുത്ത കുതിരകള്‍ ആയ ബെല്‍ജിയം, ഏതു വന്‍ ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള സ്വീഡന്‍, ക്രോയേഷ്യ എന്നീ ടീമുകള്‍ ആണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.
റൌണ്ട് ഓഫ് 16 ആദ്യ ദിവസം തന്നെ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഈ ലോകകപ്പില്‍ നിന്ന് വിടവാങ്ങുന്നതിനു ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അര്‍ജന്റീന ഫ്രാന്‍സിന്റെയും അവരുടെ കൌമാരക്കാരന്‍ കൈലിയന്‍ എമ്ബാപ്പെയുടെയും മുന്നില്‍ തകരുന്ന കാഴ്ചയാണ് റഷ്യയില്‍ കണ്ടത്. എമ്ബാപ്പേ പെലെയുടെ ഒരു കളിയില്‍ രണ്ടു ഗോള്‍ നേടുന്ന കൌമാരക്കാരന്‍ എന്ന അറുപതു വര്ഷം പഴക്കമുള്ള നേട്ടത്തിന് ഒപ്പമെത്തിയപ്പോള്‍ തകര്‍ന്നത് മെസ്സിയുടെ ആദ്യ ലോകകപ്പ് കിരീടനേട്ടം എന്ന സ്വപ്നമാണ്. തന്റെ നൂറാം അന്താരാഷ്‌ട്ര മത്സരത്തിനു ഇറങ്ങിയ എഡിസന്‍ കവാനിയുടെ രണ്ടു ഗോളുകളുടെ മികവില്‍ പോര്‍ച്ചുഗലിനെ ഉറുഗ്വേ കീഴടക്കിയപ്പോള്‍ അത് തകര്‍ത്തത് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെയും പോര്ച്ചുഗലിന്റെയും ലോകകപ്പ് സ്വപ്‌നങ്ങള്‍ ആയിരുന്നു.
തങ്ങളുടെ കളിമികവ് കടലാസ്സില്‍ മാത്രം ഒതുക്കി, അതിന്റെ നിഴല്‍ മാത്രമായി ഇറങ്ങിയ സ്പെയിനിനെ ഷൂട്ട്‌ ഔട്ടില്‍ തോല്‍പ്പിച്ചു ആതിഥേയരായ റഷ്യ തങ്ങളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. സ്പെയിന്‍ ആദ്യം ഗോള്‍ അടിച്ചു ലീഡ് നേടിയെങ്കിലും ജെരാറഡ് പിക്കെയുടെ ഹാന്‍ഡ്ബോള്‍ കാരണം ലഭിച്ച പെനാല്‍റ്റിയില്‍ റഷ്യ സമനില നേടി. അതിനു ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ റഷ്യ മത്സരം ഷൂട്ട്‌ ഔട്ടിലേക്ക് എത്തിച്ചു. പരിചയസമ്പന്നനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ്‌ ഡി ജിയക്ക് ഒരെണ്ണം പോലും രക്ഷപെടുത്താന്‍ കഴിയാതിരുന്ന ഷൂട്ട്‌ ഔട്ടില്‍ രണ്ടു പെനാല്‍റ്റി രക്ഷപെടുത്തി റഷ്യയുടെ ഇഗോര്‍ അകിന്ഫീവ് തങ്ങള്‍ അടുത്ത റൌണ്ടിലേക്ക് എത്തും എന്ന് ഉറപ്പു വരുത്തി.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം ആദ്യ അഞ്ചു മിനിറ്റില്‍ തന്നെ സ്കോര്‍ ചെയ്ത ക്രോയേഷ്യ ഡെന്മാര്‍ക്ക് മത്സരത്തില്‍ പക്ഷെ പിന്നീട് അങ്ങോട്ട്‌ രണ്ടു ടീമുകളും പ്രതിരോധത്തിലൂന്നി കളിക്കുന്നതാണ് കണ്ടത്. സാധാരണസമയത്തില്‍ ഇരു ടീമുകളും തുല്യത പാലിച്ച കളി അധിക സമയത്തേക്ക് നീണ്ടപ്പോള്‍ ക്രോയേഷ്യക്ക് ഒരു സുവര്‍ണ്ണഅവസരം ലഭിച്ചു. ലൂക്കാ മോദ്രിച് എടുത്ത പെനാല്‍റ്റി ഡെന്‍മാര്‍ക്കിന്റെ ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മേയ്ക്കല്‍ അത്ഭുതകരമായി രക്ഷപെടുത്തി മത്സരം ഷൂട്ട്‌ ഔട്ടിലേക്ക് കടക്കും എന്ന് ഉറപ്പാക്കി. ഇരു ടീമുകളുടെയും ഗോള്‍ കീപ്പര്‍മാര്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ ഷൂട്ട്‌ ഔട്ടില്‍ ഒരെണ്ണം കൂടുതല്‍ രക്ഷപെടുത്തി ക്രോയേഷ്യയുടെ ഡാനിജേല്‍ സുബാസിച് തന്റെ ടീമിന്റെ അടുത്ത റൌണ്ട് പ്രവേശനം ഉറപ്പാക്കി.
ഓരോ കളി കഴിയുന്തോറും മെച്ചപ്പെട്ടു വരുന്ന മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ ആദ്യ അരമണിക്കൂര്‍ ആക്രമിച്ചു കളിച്ച മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. നെയ്മാര്‍ എന്ന സൂപ്പര്‍സ്റ്റാര്‍ മാത്രം അല്ല തങ്ങളുടെ ടീമിന്റെ കരുത്ത് എന്ന് ബ്രസീല്‍ തെളിയിച്ച കളിയില്‍ വില്ല്യന്‍, ഫിലിപ്പെ കുടീഞ്ഞ്യോ, ഗബ്രിയേല്‍ ജീസസ് തുടങ്ങിയവര്‍ നന്നായി തിളങ്ങി…..
ഈ ലോകകപ്പ് കണ്ട ഏറ്റവും നല്ല കളിയായിരുന്നു ബെല്‍ജിയം ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരം. അവസാന ഏഷ്യന്‍ പ്രതീക്ഷയായിരുന്ന ജപ്പാന്‍ റാങ്കിങ്ങിലും കളിമികവിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ബെല്‍ജിയത്തിന് ഒരു എതിരാളി ആവില്ല എന്ന് കളി തുടങ്ങും മുന്പ് പ്രവചിച്ചവര്‍ക്ക് തിരിച്ചടി നല്‍കുന്ന പ്രകടനം ആയിരുന്നു ജപ്പാന്‍ നടത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തുടരെ രണ്ടു ഗോളുകള്‍ അടിച്ചു ബെല്ജിയത്തെ ഞെട്ടിച്ച ജപ്പാന്‍ പക്ഷെ ആ ആലസ്യത്തില്‍ പ്രതിരോധം മറന്നു പോയി. ഗോള്‍ വീണ ഞെട്ടലില്‍ നിന്നും ഉണര്‍ന്ന ബെല്‍ജിയം രണ്ടു ഗോള്‍ തിരിച്ചടിച്ചു കളിയിലേക്ക് തിരിച്ചു വരികയും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ വിജയഗോള്‍ നേടി അടുത്ത റൌണ്ട് ഉറപ്പിക്കുകയും ചെയ്തപ്പോള്‍ കാണികളുടെയും ഫുട്ബോള്‍ ആരാധകരുടെയും മനം കവര്‍ന്നാണ് ജപ്പാന്‍ ഈ ലോകകപ്പില്‍ നിന്നും വിടവാങ്ങിയത്….!
വിരസമായ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു സ്വീഡന്‍ ഇരുപത്തിനാല് വര്‍ഷത്തിനു ശേഷം ക്വാര്‍ട്ടറില്‍ കടന്നു. കളിയുടെ 66ആം മിനിറ്റില്‍ എമില്‍ ഫോര്സ്ബെര്ഗ് ആണ് സ്വീഡന്റെ വിജയഗോള്‍ നേടിയത്. സ്വീഡന്‍ ഗോള്‍കീപ്പര്‍ റോബിന്‍ ഒല്സന്‍ നടത്തിയ കുറച്ചു നല്ല സേവുകളും സ്വിറ്റ്സര്‍ലന്‍ഡനു വിജയം നിഷേധിക്കാന്‍ കാരണമായി.
നാടകീയവും പരുക്കനും വാശിയേറിയതുമായ മത്സരത്തില്‍ ഇന്ഗ്ലണ്ടിനെ നേരിട്ട കൊളംബിയ ഏഴു മഞ്ഞകാര്‍ഡും ഒരു പെനാല്ട്ടിയും വഴങ്ങി. 54ആം മിനിറ്റില്‍ ഹാരി കേയിനിനെ ബോക്സില്‍ വീഴ്ത്തിയതിനു കിട്ടിയ പെനാല്‍റ്റി കെയിന്‍ തന്നെ വലയില്‍ എത്തിച്ചു ഇംഗ്ലണ്ടനു ലീഡ് നേടികൊടുത്തു. ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു എന്ന് ഉറപ്പു വരുത്തിയിരുന്ന സമയത്താണ് ഇന്ജ്വരി ടൈമിന്റെ മൂന്നാം മിനിറ്റില്‍ യേരി മിനായുടെ ഹെഡറിലൂടെ കൊളംബിയ സമനില പിടിച്ചു കളി അധിക സമയത്തേക്ക് നീട്ടിയത്. അധികസമയത്തും ഗോളുകള്‍ ഒന്നും വീഴാതെ വന്നപ്പോള്‍ കളി ഷൂട്ട്‌ ഔട്ടിലേക്ക് നീണ്ടു. കൊളംബിയയുടെ ഒസ്പിനയും ഇംഗ്ലണ്ട്ന്റെ പിക്ഫോര്‍ഡും ഓരോ പെനാല്‍റ്റി വീതം രക്ഷപെടുത്തിയപ്പോള്‍ ഒരെണ്ണം പുറത്തു കളഞ്ഞ കൊളംബിയ തങ്ങളുടെ പുറത്തേക്കുള്ള വഴി തുറന്നു.
പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തീരുമ്പോള്‍ ഏറ്റവും അധികം ഫൌള്‍ ചെയ്ത താരങ്ങള്‍ മെക്സിക്കോയുടെ ഹെക്റ്റര്‍ ഹെരെരോയും അര്‍ജന്റീനയുടെ ജാവിയര്‍ മഷരാനോയും ആണ്. സ്പെയിന്‍ മൂവായിരത്തോളം പാസ്സുകള്‍ മുഴുവനാക്കിയപ്പോള്‍ ഏറ്റവുമധികം ഷോട്ടുകള്‍ ഉതിര്‍ത്ത ടീം എന്നാ ബഹുമതി 77 ഷോട്ടുകളോടെ ബ്രസീലും ബെല്ജിയവും പങ്കിട്ടെടുത്തു. സാധാരണ സമയത്ത് ഏറ്റവും അധികം ഗോള്‍ ഗോള്‍ നേടിയ ടീം എന്ന ബഹുമതി 11 ഗോളോടെ ബെല്‍ജിയം നേടിയപ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ വരെ ഏറ്റവും അധികം ഗോള്‍ വഴങ്ങിയ ടീം റഷ്യക്ക്.
ക്വാര്‍ട്ടര്ഫൈനലില്‍ ആദ്യ മത്സരത്തില്‍ ഉറുഗ്വേ ഫ്രാന്‍സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ബ്രസീല്‍ ബെല്ജിയവുമായി നേര്‍ക്കുനേരെ വരും. മൂന്നാം മത്സരത്തില്‍ റഷ്യ ക്രോയേഷ്യയുമായി ഏറ്റുമുട്ടുമ്പോള്‍ സ്വീഡന്‍ ഇംഗ്ലണ്ട് ആണ് അവസാന ക്വാര്‍ട്ടര്‍ മത്സരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us