ബെംഗളൂരു :മെട്രോ സമരത്തിൽ നിന്ന് മാറ്റമില്ലെന്ന് ഉറച്ച് ജീവനക്കാർ. ഇന്നു മെട്രോ സർവീസുകൾ തടസ്സപ്പെടില്ലെന്നും ജോലിയിൽനിന്നു വിട്ടുനിൽക്കുന്നവർക്കെതിരെ അവശ്യ സേവനമുറപ്പാക്കൽ നിയമം (എസ്മ) ചുമത്തുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.
രാവിലത്തെ രണ്ടു ഷിഫ്റ്റുകളിലെ സർവീസുകൾ തടസ്സപ്പെടില്ലെന്നു തൊഴിലാളി യൂണിയനുകൾ ഉറപ്പു നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധി അനുകൂലമല്ലെങ്കിൽ വൈകിട്ടോടെ ജീവനക്കാർ സമരത്തിനിറങ്ങും. വേതനവർധന, തൊഴിലാളി യൂണിയനുകൾക്ക് അംഗീകാരം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കു നേരെ എസ്മ പ്രയോഗിക്കുമെന്നു ബിഎംആർസിഎൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ എത്രപേർ സമരത്തിൽ പങ്കെടുക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
900 സ്ഥിരം ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്നാണു യൂണിയന്റെ പ്രഖ്യാപനം. മെട്രോ സർവീസുകളെ എസ്മയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ബിഎംആർസിഎൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു നേരത്തേ കത്തയച്ചിരുന്നു. ബെംഗളൂരുവിൽ മെട്രോ സർവീസ് ആരംഭിച്ച് ഏഴുവർഷമായിട്ടും ഇതുവരെ ബിഎംആർസിഎൽ സേവനവേതന വ്യവസ്ഥകൾ പുറത്തിറക്കിയിട്ടില്ല. വേണ്ടത്ര പരിശീലനം നൽകാതെയാണു കരാർജീവനക്കാരെ നിയമിക്കുന്നത്. നാലാം തവണയാണു തൊഴിലാളി യൂണിയൻ സമരം പ്രഖ്യാപിക്കുന്നത്. രണ്ടുതവണ ഹൈക്കോടതി ഇടപെടലിനെ തുടർന്നു സമരം മാറ്റിവച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.