ബംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണഗോദ ചൂടുപിടിക്കുന്നു. പ്രചാരണത്തിന്റെ തുടക്കത്തിൽതന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ ആക്രമണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തിയതോടെ ഇരു പാർട്ടികളും തമ്മിലുള്ള വാക്പോര് കനത്തു. രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നതിന്റെ പേരിൽ സിദ്ധരാമയ്യയെ കുത്തിയ മോദിക്ക് അതേനാണയത്തിൽ മറുപടി നൽകിയാണ് സിദ്ധരാമയ്യ തിരിച്ചടിച്ചത്.
രണ്ട് മണ്ഡലത്തിൽ സിദ്ധരാമയ്യയും ഒരു മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകനും മത്സരിക്കുന്നതിലൂടെ 2+1 ഫോർമുലയാണ് അദ്ദേഹം കർണാടകത്തിൽ നടപ്പാക്കുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം. നിലവിൽ സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് അദ്ദേഹം പുതിയ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതെന്നും ഇതാണു കർണാടകയിൽ മുഖ്യമന്ത്രി നടപ്പാക്കുന്ന വികസനമെന്നും മോദി കുറ്റപ്പെടുത്തി.
തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്കു മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽനിന്ന് (വഡോദര, വാരാണസി) മൽസരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകം ഇതേ ഭയം തന്നെയായിരുന്നോ പ്രധാനമന്ത്രി മോദി? ശരിയാണ്, നിങ്ങളൊരു
56 ഇഞ്ച് മനുഷ്യനാണ്. നിങ്ങൾക്ക് അതിബുദ്ധിപൂർവമുള്ള മറുപടികളുണ്ടാകും. ആ രണ്ടു സീറ്റ് മറന്നേക്കൂ സർ. കർണാടകയിൽ നിങ്ങളുടെ പാർട്ടി 6070 സീറ്റ് പരിധി കടക്കില്ലെന്ന വസ്തുതയെക്കുറിച്ച് ആശങ്കപ്പെടൂ എന്നായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.