ഓലക്കും ഉബെറിനും പണികൊടുക്കാന്‍ കുമാരസ്വാമിയുടെ “ടൈഗര്‍” റെഡി;മത്സരം മുറുകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പ്രതീക്ഷ..

ബെംഗളൂരു∙ ഓല, ഊബർ കമ്പനികളുമായി തെറ്റിപ്പിരിഞ്ഞ ഡ്രൈവർമാരുമായി മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വെബ്ടാക്സി കമ്പനി മൊബൈൽ ആപ്പ് പുറത്തിറക്കി. നമ്മ ടിവൈജിആർ (നമ്മ ടൈഗർ) ആപ്പ് കുമാരസ്വാമിയാണ് പുറത്തിറക്കിയത്. ടാക്സി സർവീസ് അടുത്ത മാസം ആരംഭിക്കും. ഡ്രൈവർമാർക്ക് എൻറോൾ ചെയ്യാനാണ് ഇപ്പോൾ ആപ്പ് ഉപയോഗിക്കുന്നത്. തിങ്കളാഴ്ച പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കുമാരസ്വാമിയുടെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ലളിതമായി ചടങ്ങ് നടത്തുകയായിരുന്നു. ആവശ്യത്തിനു ഡ്രൈവർമാർ റജിസ്റ്റർ ചെയ്തശേഷം ഇടപാടുകാർക്കുള്ള ആപ്പ് പുറത്തിറക്കും.

സേവ് ടുർ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റ‍ഡ് ആണു ടൈഗർ ആപ്പിന്റെ യഥാർഥ ഉടമസ്ഥർ. ഇവരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇനി ആപ്പിന്റെ നിയന്ത്രണം ഡ്രൈവേഴ്സ് യൂണിയനായിരിക്കും. രക്ഷാധികാരിയുടെ സ്ഥാനത്തുള്ള കുമാരസ്വാമി കമ്പനിക്കു കൂടുതൽ നിക്ഷേപം ലഭ്യമാക്കാൻ സഹായിക്കും. ലാഭേച്ഛയോടെയല്ല കമ്പനി തുടങ്ങുന്നതെന്നു ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ പറഞ്ഞു.

മറ്റു വെബ് ടാക്സികൾ ഡ്രൈവർമാരിൽനിന്നു യാത്രക്കൂലിയുടെ 25–30 % കമ്മിഷനായി വാങ്ങുമ്പോൾ നമ്മ ടൈഗർ ആപ്പ് ഡ്രൈവർമാരിൽ നിന്ന് 12% കമ്മിഷനേ വാങ്ങൂ. ഇങ്ങനെ പിരിക്കുന്ന തുക ഇൻഷുറൻസ്, വണ്ടികളുടെ അറ്റകുറ്റപ്പണി, ഡ്രൈവർമാരുടെ ക്ഷേമം എന്നിവയ്ക്കായി വിനിയോഗിക്കും.

ഡ്രൈവർമാർക്ക് അ‍ഞ്ചു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, അഞ്ചു ലക്ഷത്തിന്റെ അപകട ഇൻഷുറൻസ്, രണ്ടു ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ്, രാത്രി സർവീസ് നടത്തുന്ന ഡ്രൈവർമാർക്ക് അവശ്യഘട്ടത്തിൽ സഹായത്തിനായി സുരക്ഷ ഉദ്യോഗസ്ഥരടങ്ങിയ പട്രോൾ കാർ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നു.

ആനുകൂല്യം കൂട്ടുക, പുതിയ ക്യാബുകൾക്ക് അവസരം നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡ്രൈവർമാർ ഈവർഷമാദ്യം വെബ്ടാക്സി കമ്പനികൾക്കെതിരെ സമരം നടത്തിയത്. ഇതിൽ അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെയാണ് സ്വന്തമായി കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചത്. ഇവരുടെ ആശയത്തിനു പിന്തുണയേകിയ കുമാരസ്വാമി നിക്ഷേപം നടത്താമെന്ന് ഉറപ്പു നൽകുകയായിരുന്നു.

വ്യത്യാസം നിരക്കിൽ

മറ്റു കമ്പനികൾ തിരക്കനുസരിച്ച് അമിത നിരക്ക് ഈടാക്കുമ്പോൾ ഡ്രൈവർമാരുടെ കമ്പനി സ്ഥിരം നിരക്കിലാണ് സർവീസ് നടത്തുക. ഹാച്ച്ബാക്ക് എസി കാറുകൾക്ക് കിലോമീറ്ററിനു 12.50 രൂപയും സെഡാനുകൾക്കു 14.50 രൂപയുമാണ് ഈടാക്കുക. നോൺ എസി ക്യാബുകൾക്കു 14.50 രൂപയും എസി ക്യാബുകൾക്കു 19.50 രൂപയുമാണ് സർക്കാർ നിശ്ചയിച്ച ഫിക്സഡ് റേറ്റ്. ഇതിൽ കുറഞ്ഞ നിരക്കിലുള്ള നമ്മ ടൈഗർ ജനപ്രിയം ആകുമെന്നാണ് ഡ്രൈവർമാരുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us