ഐസിയുവിൽ കഴിയുന്ന രോഗിയുടെ മുറിവിൽ പുഴുക്കൾ; സർക്കാർ ആശുപത്രി ജീവനക്കാരുടെ ഗുരുതര വീഴ്ചയിൽ വ്യാപക രോഷം

ബെംഗളൂരു: റായ്ച്ചൂരിലെ സർക്കാർ ഒപെക് ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന രോഗിയോട് ജീവനക്കാരുടെ കടുത്ത അനാസ്ഥ. അപകടത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയുടെ തലയിലെ മുറിവിൽ പുഴുക്കളെ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും നിരുത്തരവാദപരമായ സമീപനത്തിനെതിരെ രോഗിയുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളും കടുത്ത രോഷം രേഖപ്പെടുത്തി.

കഴിഞ്ഞ ഒക്ടോബർ 9-നുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യാദ്ഗിരി സ്വദേശിനി മഹേശ്വരി (30) യെയാണ് ഒപെക് ആശുപത്രിയിലെ ട്രോമ കെയർ സെന്ററിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനമോ ശരിയായ ചികിത്സയോ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. വെള്ളിയാഴ്ച രാത്രി മുറിവ് വച്ചുകെട്ടിയ ജീവനക്കാർ ആവശ്യമായ മുൻകരുതലുകളോ ശുചിത്വമോ പാലിച്ചില്ല. തുടർന്ന് സ്കാനിംഗിനായി കൊണ്ടുപോയപ്പോഴാണ് തലയിലെ മുറിവിൽ പുഴുക്കൾ ഇഴയുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.

സ്പെഷ്യലിസ്റ്റ് ഡോക്ടർ അവധിയിലാണെന്ന കാരണം പറഞ്ഞ് ജീവനക്കാർ സമയം തള്ളുന്നതായും, ഇതോടെ രോഗിയുടെ ആരോഗ്യനില കൂടുതൽ ആശങ്കാജനകമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ അടിസ്ഥാനപരമായ മനുഷ്യത്വം പോലും കാണിക്കുന്നില്ലെന്ന് ആരോപിച്ച കുടുംബം, സ്കാനിംഗിനായി രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും വ്യക്തമാക്കി. ഐസിയുവിൽ ഫാനുകൾ പോലും പ്രവർത്തിക്കാത്തതിനാൽ സാരി ഉപയോഗിച്ച് വീശിയാണ് ബന്ധുക്കൾ രോഗിയെ തണുപ്പിക്കുന്നത്.

സംഭവത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൃത്യനിർവ്വഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, രോഗികൾക്ക് അടിയന്തരമായി മികച്ച ചികിത്സയും തകരാറിലായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts