ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനിയെ ലക്ഷ്യമിട്ട് വീണ്ടും വിമര്‍ശനവുമായി സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക്. ഇന്ത്യയുടെ യഥാര്‍ഥ അധികാരകേന്ദ്രം അംബാനിയാണോ എന്ന ചോദ്യം ഉന്നയിച്ചതിനു പിന്നാലെ, ഇന്ത്യന്‍ ജനതയെ കുത്തകവത്കരണത്തിലൂടെ ചൂഷണം ചെയ്യുന്നത് തുടരാനാണോ അംബാനി ആഗ്രഹിക്കുന്നതെന്ന് മസ്ക് എക്സ് പോസ്റ്റില്‍ ചോദിച്ചു.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി’ എന്ന് വിളിച്ചാണ് മസ്കിന്റെ പരിഹാസം. ‘താങ്കളാണ് ഇന്ത്യയുടെ യഥാര്‍ഥ അധികാരിയെന്ന് തിരിച്ചറിയാന്‍ കഴിയാത്തതില്‍ എന്റെ ക്ഷമാപണം സ്വീകരിക്കണം. ഇന്ത്യയിലെ ജനതയെ കുത്തകയിലൂടെ ചൂഷണം ചെയ്യുന്നത് തുടരാനായിരിക്കും താങ്കള്‍ക്ക് താല്പര്യം. എങ്കിലും, സ്റ്റാര്‍ലിങ്കിന് മത്സരിക്കാന്‍ അവസരം നല്‍കുന്നത് താങ്കള്‍ പരിഗണിക്കുമോ? മറ്റ് രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരവും ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ വില്‍ക്കാനുള്ള അവസരവും നിഷേധിക്കുന്നു. സ്റ്റാര്‍ലിങ്കിന് അവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനാകും’ -മസ്ക് പറഞ്ഞു.
ഇന്ത്യയിലെ വന്‍കിടക്കാര്‍ കുത്തക നിലനിര്‍ത്താന്‍ സ്റ്റാര്‍ലിങ്കിന്റെ പ്രവേശനം തടയുകയാണെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെ ചില വ്യവസായികളുടെ ഇടപെടല്‍ തടസ്സപ്പെടുത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടര്‍ന്ന് മുകേഷ് അംബാനിയെ പരാമര്‍ശിച്ച്, ഇന്ത്യയുടെ യഥാര്‍ഥ അധികാരി അംബാനിയാണോ എന്നും മസ്ക് ചോദിച്ചു. 165ലേറെ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതിയുണ്ടെന്നും ഇന്ത്യയിലെ നിയമങ്ങളും നിബന്ധനകളും പാലിക്കുന്നതിനായി അഞ്ചു വര്‍ഷമായി ശ്രമിക്കുന്നുണ്ടെന്നും മസ്ക് അവകാശപ്പെട്ടു.
അതേസമയം, സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യാ പ്രവേശനം തടയുന്നുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. ഇന്ത്യയുടെ ഉപഗ്രഹ ആശയവിനിമയ സേവനങ്ങള്‍ക്കുള്ള അനുമതി നടപടികള്‍ നീതിയുക്തവും വിവേചനരഹിതവുമാണെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പറഞ്ഞു. മസ്കിന്റെ സ്റ്റാര്‍ലിങ്ക്, റിലയന്‍സ് ജിയോയുടെ ഉപഗ്രഹ സംരംഭമായ ജിയോ സാറ്റ്കോം, ഭാരതി എയര്‍ടെലിന്റെ പിന്തുണയുള്ള യൂട്ടെല്‍സാറ്റ് വണ്‍വെബ് എന്നീ മൂന്ന് കമ്പനികള്‍ക്കും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി സ്പെക്ട്രം അനുമതി നേടിയ ശേഷമേ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കാനാകൂ. രാജ്യത്ത് ഒരു മേഖലയിലും കുത്തക അനുവദിക്കില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]