ബെംഗളൂരു: നഗരത്തിലെ തടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കെയ്സിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തടാകത്തിൽ വലിയ സ്യൂട്ട്കെയ്സ് സംശയകരമായ സാഹചര്യത്തിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കെയ്സ് കരയ്ക്കെത്തിച്ച് പരിശോധിച്ചപ്പോഴാണ് സാരിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കെയ്സിന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് കൊലപാതകമാണെന്ന സംശയത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
