ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ പീനിയ എലിവേറ്റഡ് ഫ്ലൈഓവറിൽ ഇന്ന് (മെയ് 5) മുതൽ വാഹന ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. കേബിളുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും ശേഷം നടത്തുന്ന അന്തിമ ലോഡ് ടെസ്റ്റിംഗിന്റെ ഭാഗമായാണ് നടപടി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) നേതൃത്വത്തിൽ നടക്കുന്ന പണികൾക്കായി മെയ് 5-ന് രാവിലെ 5 മണി മുതൽ മെയ് 8-ന് രാവിലെ 11 മണി വരെയാണ് ഫ്ലൈഓവർ അടച്ചിടുന്നത്.
ഈ നാല് ദിവസങ്ങളിൽ ഫ്ലൈഓവറിന്റെ ഇരുവശങ്ങളിലൂടെയും വാഹനങ്ങളെ കടത്തിവിടില്ലെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. നേരത്തെ ഏപ്രിൽ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പണികൾ വിവിധ കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.
ഫ്ലൈഓവർ അടയ്ക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ട്രാഫിക് പോലീസ് ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്:
-
നെലമംഗലയിൽ നിന്ന് നഗരത്തിലേക്ക് വരുന്നവർ: കെന്നമെറ്റൽ ഫാക്ടറിക്ക് സമീപം എൻ.എച്ച്-4 റോഡ് വഴി തിരിഞ്ഞ് ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡിലൂടെ സഞ്ചരിക്കണം. എട്ടാം മൈൽ, ദാസറഹള്ളി, പീനിയ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, എസ്.ആർ.എസ് ജംഗ്ഷൻ വഴി ഗൊരഗുണ്ടേപാളയയിലോ ജലഹള്ളി ക്രോസിലോ എത്തിച്ചേരാം.
-
സി.എം.ടി.ഐയിൽ നിന്ന് നെലമംഗല ഭാഗത്തേക്ക് പോകുന്നവർ: ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡ് വഴി എസ്.ആർ.എസ് ജംഗ്ഷൻ, പീനിയ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, ജലഹള്ളി ക്രോസ്, ദാസറഹള്ളി, എട്ടാം മൈൽ വഴി നെലമംഗല ടോൾ പ്ലാസയിലേക്ക് പോകാവുന്നതാണ്.
ഫ്ലൈഓവർ അടയ്ക്കുന്നതോടെ സർവീസ് റോഡുകളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. തുംകൂർ റോഡ് വഴി യാത്ര ചെയ്യുന്നവർ തിരക്ക് കണക്കിലെടുത്ത് നിശ്ചയിച്ച സമയത്തേക്കാൾ നേരത്തെ യാത്ര തിരിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]